KeralaLatest NewsNews

ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് ചികിത്സാധനസഹായം എന്ന രീതിയില്‍ പണം തട്ടിയെടുത്ത കേസില്‍ യുവതി പൊലീസ് വലയിലായി : സിനിമാ മേഖലയിലുള്ളവരുമായി ഇവര്‍ക്ക് ബന്ധം

മല്ലപ്പള്ളി: ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതി പൊലീസ് വലയിലായി. കുന്നന്താനം കവല ഗ്രൂപ്പിലെ അംഗങ്ങളായ ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത കേസിലാണ് സീമ സജി(35)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സീമ വ്യവസ്ഥകള്‍ പ്രകാരം ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയ് മുമ്ബാകെ ഹാജരാവുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായി അറസ്റ്റ് വരിക്കണമെന്നും അറസ്റ്റ് ചെയ്താലുടന്‍ സ്റ്റേഷന്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഉപാധികള്‍.

അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ സ്റ്റേഷന്‍ പരിധി വിട്ടു പോകാന്‍ പാടില്ല, നിശ്ചിത ദിവസങ്ങളില്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണം എന്നീ വ്യവസ്ഥകളും സഹിതമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നേരത്തേ രൂക്ഷവിമര്‍ശനമുയര്‍ത്തി പത്തനംതിട്ട ജില്ലാ കോടതി സീമ സജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിനിമ മേഖലയിലുള്ള ചില പ്രമുഖരും സീമയ്ക്ക് മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാന്‍ രംഗത്തുവന്നിരുന്നു.

കൊല്ലത്തും തിരുവനന്തപുരത്തുമായി സീമ ഒളിവില്‍ കഴിയുന്ന വിവരം തട്ടിപ്പിന് ഇരയായവര്‍ തന്നെ പൊലീസിന് നല്‍കിയിരുന്നു. പൊലീസ് അന്വേഷിച്ച് ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ ശുഷ്‌കാന്തി കാട്ടിയില്ല. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുന്നതു വരെ കാത്തിരിക്കുകയും ചെയ്തു. ഇതിന് വേണ്ടിയെല്ലാം കരുക്കള്‍ നീക്കിയത് ഡിജിപിയുടെ ഓഫീസായിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ സീമ പുലിയായി. തനിക്കെതിരേ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരേ നേരിട്ട് ഇവര്‍ രംഗത്ത് ഇറങ്ങുകയാണുണ്ടായത്. ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍, ഇവര്‍ക്ക് വേണ്ടി സിനിമ നിര്‍മ്മാതാവ്, സൂപ്പര്‍ സ്റ്റാര്‍ എന്നിവര്‍ ഇടപെട്ടതിന്റെ ഓഡിയോ ക്ലിപ്പും നിര്‍ണായകമായ മറ്റു തെളിവുകളും മാധ്യമങ്ങളുടെ കൈവശം ഉണ്ടെന്ന് മനസിലാക്കി നിശബ്ദത പാലിക്കുകയായിരുന്നു.

സ്മിത മേനോന്‍ എന്ന വ്യാജഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ച്, കുന്നന്താനം കവല ഗ്രൂപ്പിലെ ഒരു പറ്റം യുവാക്കളോട് ചികില്‍സാ സഹായമെന്ന പേരിലാണ് സീമ പണം തട്ടിയെടുത്തത്. പണം പോയവരില്‍ ചിലര്‍ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതില്‍ തന്നെ 50,000 പോയവര്‍ അയ്യായിരത്തിനുള്ള പരാതിയാണ് നല്‍കിയത്. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേര്‍ത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവില്‍പ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button