ന്യൂയോർക്ക്: കൊടുംഭീകരൻ ഒസാമ ബിൻ ലാദന്റെ രക്തം ലോകത്തിന് തന്നെ ഭീഷണി ഉയർത്തുമെന്ന് അമേരിക്ക മുമ്പേ തിരിച്ചറിഞ്ഞതാണ് ഹംസ ബിൻ ലാദന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അമേരിക്കയുടെ ഏജൻസി സിഐഎയുടെ രഹസ്യനീക്കത്തിലാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് വിശ്വസനീയമായ വിവരം പുറത്ത് വന്നത്.
ഹംസയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് സിഐഎ ആദ്യം ചെയ്തത്. അതിനു വേണ്ടിയാണു തലയ്ക്കു കോടികൾ വിലയിട്ടതും. പിന്നീട് സിഐഎ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരിക്കുന്ന രഹസ്യക്കൊലയാളികളുടെ ശൃംഖല ഉപയോഗപ്പെടുത്തി ഹംസയെ കൊലപ്പെടുത്തിയെന്നും കരുതപ്പെടുന്നു. അപ്പോഴും സിഐഎയുടെ ഭാഗത്തു നിന്നു പ്രതികരണങ്ങളൊന്നുമുണ്ടായില്ല.
ഇക്കഴിഞ്ഞ 18 മാസത്തിനിടെയാണു ഹംസയെ കൊലപ്പെടുത്തിയതെന്നാണു വിവരം. ഇക്കാര്യം ഏതാനും മാസം മുൻപ് ട്രംപിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നു വിവരം രഹസ്യമാക്കി വച്ച ട്രംപ് ഇക്കാര്യം പുറത്തുവിട്ടത് വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ പതിനെട്ടാം വാർഷികം കഴിഞ്ഞ് മൂന്നു ദിവസത്തിനപ്പുറം. മരണവാർത്ത പുറത്തുവിട്ടതല്ലാതെ യുഎസ് ആഭ്യന്തര വകുപ്പോ സിഐഎയോ ഇതിനെപ്പറ്റി ഒരിടത്തും ഒന്നും പറയാതെ ശ്രദ്ധിക്കുകയും ചെയ്തു.
ബിൻ ലാദൻ കൊല്ലപ്പെടുന്നതിനു മുൻപു തന്നെ അൽ ഖായിദ ‘ക്ഷീണ’ത്തിലായിരുന്നു. അതിനിടയ്ക്ക് ഐഎസ് കൂടിയെത്തിയതോടെ സംഘടനയുടെ പ്രസക്തി തന്നെ ചോദ്യചിഹ്നമായി. അതിൽ നിന്ന് അൽ ഖായിദയെ ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു ഹംസയുടെ ദൗത്യം. അതിനും യുഎസ് അന്ത്യം കുറിച്ചിരിക്കുന്നു. അൽ സവാഹിരിക്കു കീഴിൽ അൽ ഖായിദയുടെ ഭാവിയാണ് ഇനി യുഎസിനു മുന്നിൽ അവശേഷിക്കുന്ന വെല്ലുവിളി.
Post Your Comments