ഇന്ന് ലോക ഹൃദയാരോഗ്യദിനമാണ്. ഇന്ത്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ദ്ധിക്കുന്നു എന്നതാണ് ഏറെ ആശങ്കാജനകമായ വസ്തുത.
ഇന്ന്, മുപ്പത് വയസിനോടടുത്ത ഒരാള്‍ക്ക് പോലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോഴത്തെ ജീവിതരീതികളും ഭക്ഷണവുമൊക്കെയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ചിട്ടയായ ഭക്ഷണവും ഉറക്കവും വ്യായാമവുമൊന്നും പലര്‍ക്കും പിന്തുടരാന്‍ കഴിയാറില്ല.
എന്നാല്‍, ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ നാം പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ജീവന്‍ അപകടപ്പെടുത്തും വിധത്തിലുള്ള അസുഖങ്ങളെ തിരിച്ചറിയാന്‍ വേണ്ട ചില അറിവുകള്‍ നമുക്കുണ്ടായിരിക്കണം. തക്ക സമയത്ത് ചികിത്സ തേടിയാല്‍ തീരാവുന്ന പ്രശ്നങ്ങളായിരിക്കും പലതും. എന്നാല്‍ അത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതോടെയാണ് ജീവന്‍ അപകടത്തിലാകുന്നത്.
് ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’ നാം പെട്ടെന്നൊന്നും തിരിച്ചറിയാതെ പോകുന്ന ഒരു അസുഖമാണ്. കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ പുറത്തേക്ക് കാണിക്കാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തെയാണ് ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’ എന്ന് പറയുന്നത്. സാധാരണഗതിയിലുണ്ടാകുന്ന ഹൃദയാഘാതത്തെക്കാള്‍ ഗുരുതരമാണിത്. പലപ്പോഴും ഹൃദയാഘാതം സംഭവിക്കുന്നത് നാം അറിയുക കൂടി ഇല്ല. ഒന്നും രണ്ടും തവണ നമ്മളറിയാതെ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ മൂന്നാമത്തെ ഘട്ടത്തിലെങ്കിലും അത് ജീവന് ഭീഷണി ഉയര്‍ത്താന്‍ സാധ്യതകളേറെയാണ്.
പ്രമേഹരോഗികളായ ആളുകളില്‍ ‘ഹാര്‍ട്ട് അറ്റാക്ക്’ ഉണ്ടാകുമ്പോള്‍ പലപ്പോഴും നെഞ്ചുവേദനയുണ്ടാകാറില്ല. ഇത് ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’ ആയി കണക്കാക്കാം. ഇതാ ഈ ലക്ഷണങ്ങളെക്കുറിച്ചറിഞ്ഞാല്‍ സെലന്റ് ഹാര്‍ട്ട് അറ്റാക്ക് എളുപ്പത്തില്‍ മനസിലാക്കാം.
നെഞ്ചില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുക, പെട്ടെന്ന് ക്ഷീണം വന്ന് തളര്‍ന്നുപോകുമെന്ന തോന്നലുണ്ടാകുക, കൈകളില്‍ വേദന അനുഭവപ്പെടുക,
തല കറങ്ങുകയോ തലയ്ക്ക് കനം തോന്നുകയോ ചെയ്യുക, തൊണ്ടയിലോ കീഴ്ത്താടിയിലോ വേദന അനുഭവപ്പെടുക, പെട്ടെന്ന് ഒരു ശൂന്യത അനുഭവപ്പെടുക, ശ്വാസഗതിയില്‍ വ്യതിയാനമോ തടസമോ തോന്നുക, അസാധാരണമാം വിധം വിയര്‍ക്കുക എന്നിവ സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്.
Post Your Comments