ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക വിജ്ഞാനം പകര്‍ന്നു നല്‍കാനുള്ള പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഞാറു നടീല്‍ മുതല്‍ കൊയ്ത്തുവരെയുള്ള കൃഷിരീതികള്‍ പഠിപ്പിച്ചു നല്‍കും. ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് കൃഷിവകുപ്പ് പ്രത്യേകം പരിശീലനം നല്‍കുന്നത്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് അന്യമായിക്കൊണ്ടിരിക്കുന്ന നെല്‍ക്കൃഷി തിരികെ കൊണ്ടു വരാനുള്ള കൃഷി വകുപ്പിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. ‘നമ്മുടെ നെല്ല് നമ്മുടെ അന്നം’ എന്നാതാണ് പദ്ധതിയുടെ മുദ്രാവാക്യം. ഓരോ സ്‌കൂളില്‍ നിന്നും മൂന്നു പേരെ വീതമാണ് നെല്‍കൃഷി പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് കൃഷി സംബന്ധിച്ച ക്ലാസ്സുകള്‍ നല്‍കുന്നതിനൊപ്പം പാടത്തിറക്കി പ്രാക്ടിക്കലും നല്‍കും. പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ എല്ലാ പഞ്ചായത്തുകളിലെയും വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കൊപ്പം പാടത്തിറങ്ങി ഞാറുനട്ടു.
ഞാറു വളരുന്നതിനനുസരിച്ച് വളമിടീലും കീടനാശിനി പ്രയോഗവും കളപറിക്കലുമെല്ലാം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കും. പരിപാടിയുടെ ഭാഗമായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നെല്‍വിത്തുകളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശനം നടത്തി. പാല്‍ത്തോണി, രക്തശാലി, വെളളരിയന്‍, ജീരകശാല തുടങ്ങി 54 ഇനം നാടന്‍ നെല്‍വിത്തുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന കാട്ടുനെല്‍ച്ചെടികളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Post Your Comments