കോട്ടയം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാർട്ടിയിൽ മുതിർന്ന നേതാക്കള്‍ ഉള്ളപ്പോൾ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയിലേക്കു പോകേണ്ടതില്ല. പാലായിലെ അതൃപ്തരായ കേരളാ കോൺഗ്രസുകാരും കോൺഗ്രസുകാരും സഹായിച്ചു. കാപ്പൻ വ്യക്തമാക്കി.
കെ.എം.മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മാണി സി.കാപ്പൻ പാലാ പിടിച്ചെടുത്തത്. 9 ഗ്രാമപഞ്ചായത്തും പാലാ നഗരസഭയും എൽഡിഎഫ് നേടിയപ്പോൾ മൂന്നു പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫിനു ലീഡ് ലഭിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർഥിയാണ് ലീഡ് ചെയ്തിരുന്നത്. അവസാന നിമിഷം വരെ ലീഡ് നിലനിർത്താനും അദ്ദേഹത്തിനു സാധിച്ചു. മാണി സി.കാപ്പൻ 54,137 വോട്ടുകൾ നേടിയപ്പോൾ എതിരാളി യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടാണു ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിക്കു കിട്ടിയത് 18,044 വോട്ട്.
Post Your Comments