തിരുവനന്തപുരം: മാലിന്യസംസ്‌കരണ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോര്‍പറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.59 കോടി രൂപ പിഴയിട്ടു. കേരളത്തില്‍ ഇതാദ്യമായാണ് മാലിന്യസംസ്‌കരണ രംഗത്തെ വീഴ്ചകള്‍ക്ക് ഒരു തദ്ദേശ സ്ഥാപനത്തിന് ഇത്രയും വലിയ പിഴയിടുന്നത്.കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ചട്ടപ്രകാരം പരിസ്ഥിതി നഷ്ടപരിഹാരമായാണ് പിഴയിട്ടത്.
നഗരങ്ങളിലെ ശുചിത്വത്തിന്റെ നിലവാരമറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 425 നഗരങ്ങളില്‍ 365-ാം സ്ഥാനമാണു തിരുവനന്തപുരത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള പിഴയാണിത്. നഗരപരിധിയിലെ 2.72 ലക്ഷം വീടുകളില്‍ നിന്ന് പ്രതിദിനം 383 ടണ്‍ മാലിന്യമുണ്ടാകുന്നുണ്ട്. ഇതില്‍ 175 ടണ്‍ മാത്രമേ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുള്ളൂ.
വിളപ്പില്‍ശാലയിലെ പ്ലാന്റ് അടച്ചുപൂട്ടിയതോടെ വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും കോര്‍പറേഷന്‍ ഗുരുതര അലംഭാവം കാണിക്കുന്നതായി ബോര്‍ഡിന്റെ നോട്ടിസില്‍ പറയുന്നു. നോട്ടിസിനു 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments