കോവളം: ഓട്ടോറിക്ഷയ്ക്ക് വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോവളം തൊഴിക്കല്‍ തോട്ടരികത്ത് വീട്ടില്‍ പുളിനിന്നവിളയില് സുഗുണന്-രാഗിണി ദമ്പതിമാരുടെ മകന് സുരാജ് എസ്.ആര്. (23) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ വിനീഷ് ചന്ദ്രയ്ക്കാണ് കുത്തേറ്റത്.
വയറില്‍ കുത്തേറ്റ വിനീഷ്ചന്ദ്രനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറായ കോവളം തൊഴിക്കല്‍ സ്വദേശി മനുവിനെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 7.30-ഓടെ ആഴാകുളം ജംഗ്ഷനു സമീപമായിരുന്നു സംഭവം. കുത്തേറ്റ് സുരാജിന്റെ കുടല് പുറത്തുചാടിയ നിലയിലായിരുന്നു. വിനീഷിന്റെ നെഞ്ചിലാണ് കുത്തേറ്റത്. വീട്ടില്‍ നിന്ന് ബൈക്കില്‍ ആഴാകുളത്തേക്കു വരികയായിരുന്നു ഇരുവരും.
എതിരേ വന്ന ഓട്ടോറിക്ഷയ്ക്കു വഴി കൊടുത്തില്ലെന്നാരോപിച്ച് മനു ഇവരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് കത്തിയെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ എത്തിയ പ്രതിയുടെ മാതാവ് അനിതയ്ക്കും കൈയ്ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട സുരാജ് ചെണ്ട കലാകാരനായിരുന്നു.
Post Your Comments