റിയാദ്: സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി ഇളവിന് അംഗീകാരം നൽകി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വ്യാവസായിക ലൈസൻസോടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാനാണ് നീക്കം. അടുത്ത മാസം മുതൽ അഞ്ച് വർഷത്തേക്കാണ് വ്യവസായ സ്ഥാപങ്ങളിലെ വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുന്നത്.
സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ പ്രതിമാസ ലെവി ഈ വർഷം 600 റിയാലും സ്വദേശികളേക്കാൾ കുറവ് വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 500 റിയാലുമായാണ് ലെവി കുറച്ചിരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാലും സ്വദേശികളുടെ എണ്ണത്തിന് തുല്യമോ അതിൽ കുറവോ ആയ വിദേശികൾക്ക് പ്രതിമാസം 700 റിയാലുമാണ് ലെവി. പുതിയ തീരുമാനപ്രകാരം വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ അഞ്ചു വർഷത്തെ ലെവി തുക സർക്കാരാണ് വഹിക്കുക.
Post Your Comments