ഭോപാല്‍: മദ്ധ്യപ്രദേശ് കോണ്‍ഗ്രസ്സില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും വിട്ടുവീഴ്ചയില്ലാതെ രണ്ടു തട്ടില്‍ നിലയുറപ്പിച്ചതോടെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ നില പരുങ്ങലില്‍. സിന്ധ്യയെ പിസിസി അദ്ധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കമല്‍നാഥ് ഇതിന് തുരങ്കം വെയ്ക്കുന്നതായാണ് സിന്ധ്യ പക്ഷത്തിന്റെ ആരോപണം. അദ്ധ്യക്ഷ പദവി നല്‍കിയില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്ന് സിന്ധ്യ നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ സിന്ധ്യയുടെ കടന്ന് വരവ് യാഥാസ്ഥിതികരായ കോണ്‍ഗ്രസ്സുകാര്‍ അംഗീകരിക്കുന്നില്ല. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള സിന്ധ്യ ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും വെല്ലുവിളിയാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു.ഇതിനിടെ വെള്ളപ്പൊക്കത്തിലെ കൃഷിനാശം സംബന്ധിച്ച് മുഖ്യമന്ത്രി കമല്‍നാഥിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ജ്യോതിരാദിത്യ സിന്ധ്യ വിമര്‍ശനം ഉന്നയിച്ചതോടെയാണ് താത്കാലിക വെടിനിര്‍ത്തലിന് ശേഷം പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും സജീവമായിരിക്കുന്നത്.
കമല്‍നാഥ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്തു വിട്ടപ്രാഥമിക സര്‍വേ റിപ്പോര്‍ട്ടില്‍ 24 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് 9,600 കോടി രൂപയുടെ കൃഷിനാശമുണ്ടായതാണ് വിലയിരുത്തല്‍. എന്നാല്‍ ഈ സര്‍വ്വേ അംഗീകരിക്കാനാകില്ലെന്നും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് പുറമെ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അധിക നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം.മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ്സിങിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാണ്.ബിജെപി നേതൃത്വവുമായി ആരോഗ്യകരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന സിന്ധ്യയുടെ ഓരോ നീക്കങ്ങളെയും ആശങ്കയോടെയാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം വീക്ഷിക്കുന്നത്.
Post Your Comments