തിരുവനന്തപുരം• പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജോസ് ടോം നേരിയ വോട്ടിന് പരാജയപ്പെട്ടത് കേരളാ കോണ്‍ഗ്രസ്സിലെ തമ്മിലടിയും പടലപ്പിണക്കവും മൂലമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മികച്ച ഭൂരിപക്ഷം നേടുമെന്ന കണക്കുകൂട്ടലാണുണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന തമ്മിലടി യു.ഡി.എഫിനെ എല്ലാക്കാലത്തും സ്നേഹിച്ചിരുന്ന പാലായിലെ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുണ്ടാക്കിയത്.
ഇരുവിഭാഗങ്ങളിലും പെട്ട നേതാക്കള്‍ നടത്തിയ പോര്‍വിളികളും വെല്ലുവിളികളും പാലായിലെ ജനാധിപത്യവിശ്വാസികളായ യു.ഡി.എഫുകാരിലുണ്ടാക്കിയ പ്രതിഷേധമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ട് പരസ്പരം പോരടിക്കുന്നത് വോട്ടര്‍മാര്‍ ഒരുകാലത്തും അംഗീകരിക്കില്ല എന്നതിന്‍റെ തെളിവാണ് പാലായിലെ യു.ഡി.എഫിന്‍റെ പരാജയം. ഈ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചുവെങ്കിലും ഈ വിജയത്തില്‍ എല്‍.ഡി.എഫിന് അഭിമാനിക്കാന്‍ ഒന്നുമില്ല. ഇത് പിണറായി സര്‍ക്കാരിന്‍റെ ഭരണത്തിനനുകൂലമായ വിധിയെഴുത്താണെന്ന് കാണാന്‍ കഴിയില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും ആഴ്ചകളോളം പാലായില്‍ തമ്പടിച്ച് ഭരണയന്ത്രം ദുരുപയോഗം ചെയ്ത് കാടിളക്കി പ്രചരണം നടത്തിയിട്ടും പാലായില്‍ എല്‍.ഡി.എഫിന് ചെറിയ ഭൂരിപക്ഷത്തില്‍ മാത്രമേ വിജയിക്കുവാന്‍ കഴിഞ്ഞുള്ളൂ. മാത്രവുമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് ഇക്കുറിയും ലഭിച്ചത്. ബി.ജെ.പിയുടെ എണ്ണായിരത്തോളം വോട്ടുകള്‍ ഇടതുമുന്നണിക്ക് കുതിരക്കച്ചവടത്തിലൂടെ ലഭിച്ചു. എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പരസ്യമായി എല്‍.ഡി.എഫിനെ സഹായിച്ചു. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് ഇടതുമുന്നണി അവിശുദ്ധ മാര്‍ഗ്ഗത്തിലൂടെ നേടിയ വിജയമാണ് പാലായില്‍ കണ്ടത്. ഒക്ടോബറില്‍ നടക്കുന്ന 5 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പാലായിലെ പാഠം ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ മികച്ച വിജയം നേടുമെന്നും കൊടിക്കുന്നില്‍ സുരഷ് എം.പി പറഞ്ഞു. പാലായിലെ യു.ഡി.എഫിന്‍റെ നേരിയ പരാജയം ഈ ഉപതെരഞ്ഞെടുപ്പുകളെ ബാധിക്കില്ല. ശക്തമായ പ്രവര്‍ത്തനത്തിലൂടെ 5 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മെച്ചപ്പെട്ട് വിജയം കരസ്ഥമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments