ചാലക്കുടി: ലോറി തടഞ്ഞ് സംസ്കരിച്ച മാംസം തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അരൂര്‍ ചന്തിരൂര്‍ കൊച്ചുതുരുത്തേല്‍ പോള്‍ ജൂലിയസ് സീസര്‍ (ഷനില്‍-34), കാലടി തുറവുങ്കര തോട്ടിപ്പറമ്പില്‍ ഉണ്ണി (25), സുഹൃത്ത് കാഞ്ഞൂര്‍ സ്വദേശി വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ജൂലായ് 29-ന് രാത്രി കൊരട്ടി ചിറങ്ങരയില്‍വെച്ചാണ് സംസ്‌കരിച്ച് പ്രത്യേക പാക്കറ്റുകളിലാക്കിയ അരക്കോടി രൂപയോളം വിലവരുന്ന ഒന്‍പതു ടണ്‍ മാംസം ലോറിയടക്കം തട്ടിയെടുത്തത്.സംഭവത്തില്‍ ഇനിയും പ്രതികളെ പിടിക്കാനുണ്ട്.
രണ്ടു കാറുകളിലെത്തിയ സംഘം ലോറി ഡ്രൈവറേയും സഹായിയെയും ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിയശേഷമാണ് മാംസം കൊള്ളയടിച്ചത്. ലോറി എലഞ്ഞിപ്രയില്‍ എത്തിച്ച് മറ്റൊരു ലോറിയിലേക്ക് മാംസം മാറ്റിയശേഷം കൊരട്ടിയില്‍ കൊണ്ടുവന്ന് ലോറി ഉപേക്ഷിച്ചു. ലോറി ഡ്രൈവറേയും സഹായിയെയും ചാലക്കുടിയിലും പരിസരത്തും കാറില്‍ ചുറ്റിക്കറക്കിയ ശേഷം മുരിങ്ങൂര്‍ ലത്തീന്‍ പള്ളിക്കു സമീപം ഇറക്കിവിട്ടു.തട്ടിയെടുത്ത മാംസം തമിഴ്‌നാട്ടിലുള്ള കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്തിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷനില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണ്.
അരൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ ഏതാനും മാസങ്ങളായി കലൂര്‍ സ്റ്റേഡിയത്തിനു സമീപമാണ് താമസിക്കുന്നത്. തോപ്പുംപടിയില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ഷക്കീലിനുവേണ്ടി കൊണ്ടുപോയ മാംസമാണിത്. അറവുശാലകളില്‍നിന്നു ശേഖരിക്കുന്ന മാംസം സംസ്‌കരിച്ച ശേഷം വിദേശത്തേക്ക് കയറ്റിയയയ്ക്കുന്ന ബിസിനസാണ് ഷക്കീലിന്. കൊച്ചി മുതല്‍ ചാലക്കുടി വരെയുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചും കേരളത്തിലും ഡല്‍ഹിയിലും ഹൈദരാബാദിലുമുള്ള മാംസ വ്യാപാരികളുടെ വിവരങ്ങള്‍ ശേഖരിച്ചുമാണ് അന്വേഷണം പ്രതികളിലേക്കെത്തിയത്.
ഷനിലാണ് ആദ്യം പിടിയിലായത്. ഇയാളില്‍നിന്നാണ് മറ്റുരണ്ടുപേരുടെയും പങ്ക് മനസ്സിലായത്. ഇവരെ കലൂര്‍ സ്റ്റേഡിയത്തിനടുത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രത്യേകാന്വേഷണസംഘത്തില്‍ കൊരട്ടി സി.ഐ. സാബു സെബാസ്റ്റ്യന്‍, എസ്.ഐ.മാരായ സിദ്ദിഖ് അബ്ദുള്‍ഖാദര്‍, രാമു ബാലചന്ദ്രബോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, സെബി, ദിനേശന്‍ എന്നിവരാണുണ്ടായിരുന്നത്.
Post Your Comments