KeralaLatest NewsNews

അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108: പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്108’ ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം സുജിത് ഭവനിലെ സുനില്‍കുമാറിന്റെ ഭാര്യ അനിത(30)യേയും പെണ്‍കുഞ്ഞിനേയുമാണ് കനിവ് 108ലെ ജീവനക്കാര്‍ രക്ഷിച്ച് സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. സമയോചിതമായി ഇടപെട്ട് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ കനിവ് 108ലെ ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എസ്.എ. ഗണേഷിനേയും പൈലറ്റ് ആര്‍.വി. രതീഷ്‌കുമാറിനേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

വ്യാഴാഴ്ച രാവിലെ 8.30നാണ് കേശവപുരത്തുള്ള വീട്ടില്‍ പ്രസവം നടന്നതായി കനിവ് 108ന്റെ കോള്‍ സേന്ററില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് കോള്‍ സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള ആംബുലന്‍സിനെ വിവരം അറിയിച്ചു. 10 മിനറ്റിനുള്ളില്‍ ആബുലന്‍സ് സ്ഥലത്തെത്തി. ജീവനക്കാര്‍ അവിടെയെത്തുമ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയാണ് കണ്ടത്. അപ്രതീക്ഷിതമായി പ്രസവിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ കത്രിക ഉപയോഗിച്ച് പൊക്കിള്‍കൊടി മുറിച്ചു മാറ്റിയിരുന്നു. പ്ലാസന്റ (മറുപിള്ള) പൂര്‍ണമായും ഗര്‍ഭപാത്രത്തിന് അകത്തായിരുന്നു. അമിത രക്തസ്രാവവുമുണ്ടായിരുന്നു. അമ്മ ഗുരുതരാവസ്ഥയിലാണെന്ന് മനസിലാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്ലാസന്റ വേര്‍പെടുത്തുകയും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശ്രുശ്രൂക്ഷ നല്‍കുകയും ചെയ്തു. അതിന് ശേഷം അമ്മയേയും കുഞ്ഞിനേയും 20 മിനിറ്റിനുള്ളില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും വിദഗ്ധ ചികിത്സ നല്‍കി. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. സമയോചിതമായ ഇവരുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.

അല്‍പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ അമ്മയുടെ ജീവന്‍ ആപത്തായി മാറുമായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കല്ലറ സ്വദേശിയായ എസ്.എ. ഗണേഷ് പറഞ്ഞത്. ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരിയായ ഗണേഷിന് സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി വിദഗ്ധ ട്രോമകെയര്‍ പരിശീലനവും ലഭിച്ചിട്ടുണ്ട്.

കേരളമൊട്ടാകെ സൗജന്യ 108 ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയ ആരോഗ്യ മന്ത്രിയെ ഗണേഷ് നന്ദി അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് ഇത് വളരെയേറെ ഉപകരിക്കും. മാത്രമല്ല തന്നെപ്പോലെയുള്ള നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഇതിലൂടെ ജോലിയും ലഭിച്ചുവെന്നും ഗണേഷ് പറഞ്ഞു.

shortlink

Post Your Comments


Back to top button