ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കു എത്തിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി. സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ എപ്പോള്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ കേന്ദ്രത്തോട് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ‘സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണം അനിവാര്യമായിരിക്കുകയാണ്. ദുരുപയോഗം തടയാന്‍ എത്രയുംവേഗം സര്‍ക്കാര്‍ ഇടപെടണം. ഇന്റര്‍നെറ്റിനെയല്ല, രാജ്യസുരക്ഷയെക്കുറിച്ചാണ് നമുക്ക് ആശങ്കവേണ്ടത്.
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഉറവിടം കണ്ടെത്താന്‍ നമുക്ക് സാങ്കേതികവിദ്യയില്ലെന്നു പറയാനാവില്ല. കുറ്റവാളികള്‍ക്കു സാങ്കേതികവിദ്യയുണ്ടെങ്കില്‍ അതിനെ മറികടക്കാനുള്ള സാങ്കേതികവിദ്യ നമുക്കുമുണ്ട്’ -ബെഞ്ച് ഓര്‍മിപ്പിച്ചു.സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുസംബന്ധിച്ച് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.’മാര്ഗരേഖയുണ്ടാക്കേണ്ടതു കോടതിയല്ല.
നയരൂപവത്കരണം സര്‍ക്കാരിന്റെ ജോലിയാണ്. നയമുണ്ടാക്കിക്കഴിഞ്ഞാല് അതിന്റെ നിയമസാധുത കോടതി പരിശോധിക്കും’ -ബെഞ്ച് വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ മാര്ഗരേഖയുണ്ടാക്കുമ്ബോള് വ്യക്തികളുടെ ഓണ്‍ലൈന്‍ സ്വകാര്യതയും ഭരണകൂടത്തിന്റെ അധികാരവും പരിഗണിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് ഒക്ടോബര്‍ 22-നു വീണ്ടും പരിഗണിക്കും.ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റുന്നതില്‍ വിരോധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം, കേസില്‍ 18 ദിവസം വാദംകേട്ട മദ്രാസ് ഹൈക്കോടതിയെ വിധിപറയാന്‍ അനുവദിക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നേരത്തേ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
Post Your Comments