തിരുവനന്തപുരം: തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ കിട്ടാതെ മദ്യപന്‍മാര്‍. വിദേശമദ്യ കമ്പനികള്‍ ജനപ്രീയ ബ്രാന്‍ഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കയതോടെയാണ് സംസ്ഥാനത്ത് ബ്രാന്റഡ് മദ്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത്. . മദ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (ഇ.എന്‍.എ) വില കുത്തനെ ഉയര്‍ന്നതോടെയാണ് ഉത്പാദനം വെട്ടിച്ചുരുക്കിയത്. ഇതോടെ ചില്ലറ വില്പനശാലകളില്‍ ഇവയ്ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.
സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന റമ്മിന്റെ ചില ഇനങ്ങളും വില കുറഞ്ഞ ബ്രാണ്ടിയുമാണ് കിട്ടാതായത്. ഇവയുടെ സ്ഥാനത്ത് പുതിയ ചില ഇനങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മദ്യ കമ്പനികള്‍ ഉത്പാദനം ഗണ്യമായി കുറച്ചതോടെ ബിവറേജസ് വെയര്‍ഹൗസുകളില്‍ വേണ്ടത്ര സ്റ്റോക്ക് എത്താതായി. ഏറ്റവും വിലകുറഞ്ഞ എവരിഡെ ഗോള്‍ഡ്, സെലിബ്രേഷന്‍, ഓള്‍ഡ്പോര്‍ട്ട്, ഓള്‍ഡ് പേള്‍, എം.സി .വി.എസ്.ഒ.പി ബ്രാണ്ടി, സീസര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് ഓണക്കാലത്ത് ഏറ്റവും ക്ഷാമം നേരിട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യനിര്‍മ്മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിന്റെ ഉത്പന്നമായ ജവാന്‍ റമ്മിനും കടുത്ത ക്ഷാമമാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട മദ്യമായ ജവാന്റെ വില ലിറ്ററിന് 15 മുതല്‍ 20 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയത്.
ജവാന്‍ റം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും വടക്കന്‍ ജില്ലകളിലും ആവശ്യത്തിന് കിട്ടുന്നില്ല എന്ന് പരാതിയുണ്ട്. സ്റ്റോക്ക് എത്തിയാല്‍ വേഗത്തില്‍ തീരും. വിലക്കുറവും വീര്യം കൂടുതലുമാണ് ജവാനെ ജനകീയമാക്കിയത്. 6000 കെയ്സാണ് പ്രതിദിന ഉത്പാദനം. മാസം 1.5 ലക്ഷം കെയ്സും.തൊട്ടടുത്ത ജില്ലകളിലാണ് അധികവും ഇത് എത്തുന്നത്.
ട്രാവന്‍കൂര്‍ ഷുഗേഴ്സിന് 48 രൂപയ്ക്ക് കിട്ടിയിരുന്ന ഇ.എന്‍.എ ഇപ്പോള്‍ വാങ്ങുന്നത് 63 രൂപയ്ക്കാണ്. ഒരു കെയ്സ് മദ്യത്തിന്റെ ഉത്പാദന ചിലവില്‍ 60 രൂപയുടെ വര്‍ദ്ധനയാണ് ഇ.എന്‍.എയുടെ വിലവര്‍ധനവോടെ ഉണ്ടാവുന്നത്. ബെവ്കോയക്ക് വിതരണം ചെയ്യുന്ന മദ്യത്തിന് വില വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയും ബെവ്കോ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തെങ്കിലും അനുമതി ലഭിച്ചില്ല.
Post Your Comments