വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ തന്നെക്കാള്‍ മികച്ചൊരു സുഹൃത്ത് ഇന്ത്യയ്ക്ക് മുൻപുണ്ടായിട്ടില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദിയെന്ന മഹാനായ സുഹൃത്തിനൊപ്പം വേദിപങ്കിടുന്നതില്‍ താനേറെ സന്തോഷവാനാണെന്നും ഇന്ത്യയ്ക്കുവേണ്ടി അസാധാരണമായ ജോലിയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്നും ട്രംപ് പറയുകയുണ്ടായി. മോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ ലക്ഷക്കണക്കിനുപേരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു. അതിര്‍ത്തിസുരക്ഷ ഇന്ത്യയ്ക്കും യു.എസിനും ഒരുപോലെ പ്രധാനമാണ്. അനധികൃതകുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഇന്ത്യയുമായി വിവിധ പ്രതിരോധക്കരാറുകളില്‍ ഒപ്പുവെക്കാന്‍ യു.എസിന് താത്പര്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോഴുള്ളത് പോലെ ഒരുകാലത്തും ഇന്ത്യക്കാര്‍ യു.എസില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇതേപോലെ തിരിച്ചും നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യ-യു.എസ്. സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. മഹാനായ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. യു.എസിനും ലോകത്തിനുമായി ഏറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ ചടങ്ങിലേക്കു സ്വാഗതംചെയ്യുന്നത് വലിയ അംഗീകാരമായി കാണുന്നു. ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഒന്നും മാറില്ലെന്ന് ചിന്തിക്കുന്നവരുടെ മനോഭാവം മാറ്റുകയെന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉന്നതി ലക്ഷ്യമിടുന്ന ഇന്ത്യ ഇപ്പോള്‍ അത്യുന്നതി കൈവരിക്കുകയാണ്. എല്ലാരംഗത്തുമുള്ള അഴിമതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments