റിയാദ് : ഗള്‍ഫ് മേഖല യുദ്ധഭീഷണിയില്‍ , കൂടുതല്‍ അമേരിക്കന്‍ വ്യോമപ്രതിരോധ മിസൈലുകളും സൈനികരും മേഖലയിലേയ്ക്ക്. സൗദി അറേബ്യയുടെയും സഖ്യരാജ്യങ്ങളിലെയും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ യുഎസ് സൈനികരും വ്യോമ പ്രതിരോധ സംവിധാനങ്ങളും പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുന്നുവെന്ന് പെന്റഗണ്‍ പ്രഖ്യാപിച്ചു. സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തെ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ കുറ്റപ്പെടുത്തി.
ഈ മേഖലയിലെ ഇറാനിയന്‍ ആക്രമണത്തിന്റെ വര്‍ധനവ് വന്‍ ഭീഷണിയാണ്. സൗദി അറേബ്യയില്‍ നിന്നും സമീപ രാജ്യങ്ങളില്‍ നിന്നുമുള്ള സഹായ അഭ്യര്‍ഥനകള്‍ക്ക് മറുപടിയായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് വേഗത്തിലാക്കുമെന്നും കൂടുതല്‍ സൈനികരെയും ഉപകരണങ്ങളെയും ഗള്‍ഫിലേക്ക് അയക്കുമെന്നും പെന്റഗണ്‍ അറിയിച്ചു.
കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതിന് മൂന്ന് ലക്ഷ്യങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പേര്‍ഷ്യന്‍ ഗള്‍ഫിലെ വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ഇറാനെ നേരിടാനുമാണ് അമേരിക്കയുടെ പുതിയ നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്.
Post Your Comments