കൊല്ലം: തോക്കുമായി നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ഇരവിപുരം പാട്ടത്തില്‍ക്കാവ് സ്വദേശിയായ യുവാവിന്റെ വീട്ടിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.ഇരവിപുരം സി ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാനേതാവ് മംഗല്‍പാണ്ഡെയും പ്രവാസി യുവാവും സുഹൃത്തുക്കളാണ്. ഇതിനിടെയാണ് ഇതേ യുവാവ് തോക്കുമായി നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ അടുത്തിടെ ഗള്‍ഫില്‍ പോയിരുന്നു. ഭീഷണി മുഴക്കിയത് പോലെ ഗുണ്ടാനേതാവിന്റെ കൈവശം തോക്കുണ്ടെന്നും പാട്ടത്തില്‍ക്കാവ് സ്വദേശിയായ യുവാവാണ് ഇയാള്‍ക്ക് തോക്കെത്തിച്ച് നല്‍കിയതെന്നും ഇരവിപുരം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് ഇരവിപുരം പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം.
അതുകൊണ്ടുതന്നെ നേരത്തെ ഉത്തര്‍പ്രദേശില്‍ ജോലി ചെയ്തിരുന്നപ്പോള്‍ യുവാവ് തോക്ക് വാങ്ങിയിരുന്നുവെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്.അതിനിടെ സി ഐയ്ക്ക് നേരെ വധഭീഷണി മുഴക്കിയതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മംഗല്‍പാണ്ഡെ സംസ്ഥാനം വിട്ടതായാണ് സൂചന.പ്രതിയെ പിടികൂടാന്‍ എ സി പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘം രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ഇരുസംസ്ഥാനങ്ങളിലേക്കും പുറപ്പെട്ടിട്ടുണ്ട്.
Post Your Comments