ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ നിര്‍ണായകമായ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം. സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങള്‍, വാണിജ്യസമൂഹവുമായി ചര്‍ച്ചയും സംവാദവും, ലോകനേതാക്കളുമായുള്ള ചര്‍ച്ച എന്നിവയാണ് സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകളെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീര്‍ നടപടി ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കില്ലെന്നും 370-ാം അനുച്ഛേദം പിന്‍വലിച്ച നടപടി ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. യു.എന്‍. സെക്രട്ടറി ജനറല്‍ സംഘടിപ്പിക്കുന്ന യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് സംബന്ധിച്ച യോഗത്തില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതിന്റെ സവിശേഷതകള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ‘സമകാലിക അവസ്ഥയില്‍ ഗാന്ധിജിയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറാണ് മറ്റൊരു പ്രധാന പരിപാടി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.
Post Your Comments