തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും വിശദമായി ചോദ്യംചെയ്യും. ഗതാഗതവകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. പാലം നിർമിച്ച ആർ.ഡി.എസ്. കമ്പനിക്ക് മുൻകൂർ പണംനൽകിയത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയായിരുന്നുവെന്ന് ജയിലിൽ കഴിയുന്ന സൂരജ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. മൂന്നുദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകും. തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് തീരുമാനം.
അറസ്റ്റ് അനിവാര്യമാണെന്ന സൂചനയാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്നത്. അറസ്റ്റ് ആവശ്യമായിവന്നാൽ നിയമോപദേശം തേടും. നോട്ടീസ് കൈപ്പാറ്റാതിരിക്കുകയോ കൈപ്പറ്റിയശേഷം ഹാജരാകാതിരിക്കുകയോ ചെയ്താലും കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.
Post Your Comments