തൃശൂരിൽ നിന്ന് മനസാക്ഷി മരവിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. വെള്ളവും ,ആഹാരവും നൽകാതെ മിണ്ടാപ്രാണിയോടാണ് അതിന്റെ ഉടമ ക്രൂരത കാണിച്ചത്.രണ്ടാഴ്ച മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് അവശനിലയിലായ നായ ഒടുവിൽ മരണത്തിനു കീഴടങ്ങി . ഒരു വയസ്സുള്ള ഷിറ്റ്സു എന്ന ജപ്പാനീസ് ബ്രീഡിൽപെട്ട നായയാണ് ഉടമയുടെ ക്രൂരതയ്ക്കിരയായി മരണപ്പെട്ടത് . രണ്ടാഴ്ചയായി നായ നിറുത്താതെ കുരയ്ക്കുന്നത് കേട്ട നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് മൃഗസ്‌നേഹി സംഘടനയായ പോസിന്റെ പ്രവർത്തക ചെമ്പൂക്കാവ് നെടുമങ്ങാട്ട് വീട്ടിൽ പ്രീതി ശ്രീവത്സൻ ഇടപെടുകയായിരുന്നു.
വിസർജ്ജ്യങ്ങൾ നിറഞ്ഞ മുറിയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു നായ. വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ പ്രീതി വീട്ടിലെത്തി. ഈ സമയത്ത് ബിസിലി വീട്ടിലുണ്ടായിരുന്നെങ്കിലും വാതിൽതുറക്കാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ഇടപെട്ട് നായയെ പൂട്ടിയിട്ട മുറി നിർബന്ധിച്ച് തുറപ്പിച്ചു. മൃതപ്രായമായ നായയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചത്തു. സംഭവത്തിൽ കാര്യാട്ടുകര പ്രശാന്തി നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നെടുപുഴ തയ്യിൽ വീട്ടിൽ ബിസിലിക്കെതിരെ (40) പൊലീസ് കേസെടുത്തു
.മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത് .പ്രീതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിസിലി നാട്ടുകാരുമായി അധികം ഇടപഴകാറില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയോളം വീട് പൂട്ടിയിട്ട് ബിസിലി എവിടേക്കാണ് പോയതെന്നും വ്യക്തമാക്കിയിട്ടില്ല. വീട്ടുടമയുമായി ഇവർ തർക്കത്തിലായിരുന്നു.
Post Your Comments