റിയാദ് : അമേരിക്കയുമായി ഇനി സമാധാന ചര്‍യ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാനും ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് സൗദിയും അമേരിക്കയും രംഗത്തെത്തിയതോടെ ഗള്‍ഫ് മേഖലയില്‍ ഇറാനെതിരെ പടയൊരുക്കം ശക്തമായി. സൗദിയിലെ രണ്ട് സുപ്രധാന എണ്ണകേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതിയുടെ സാഹചര്യം ഉടലെടുത്തത്. ഇറാന്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന മുന്‍വിധിയോടെയാണ് അമേരിക്കയുടെ ഭീഷണിയും പടയൊരുക്കവും. എന്നാല്‍ സൗദിയുടെ അന്തിമ തീര്‍പ്പ് എന്തായിരിക്കുമോ അതിനെ ആശ്രയിച്ചായിരിക്കും ഇറാനെതിരായ സൈനിക നടപടിയെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന. സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെയല്ല, മറിച്ച് ലോക എണ്ണവിതരണ പ്രക്രിയ അട്ടിമറിക്കാനാണ് ആക്രമണം ലക്ഷ്യമിട്ടതെന്നാണ് സൗദി വിലയിരുത്തല്‍.
ആസൂത്രിത ഡ്രോണ്‍ ആക്രമത്തിനു പിന്നില്‍ ഇറാനാണെന്ന് അറബ് സഖ്യസേന വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ ഉറപ്പു വരുത്താനാണ് നീക്കം. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്ക് എല്ലാ പിന്തുണയും നല്‍കാന്‍ ലോകത്തെ പ്രബല സൈനിക വിഭാഗമായ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രമസമാധാനം അട്ടിമറിക്കാന്‍ ഇറാന്‍ തുനിഞ്ഞാല്‍ അതിനെ തങ്ങള്‍ പ്രതിരോധിക്കുമെന്ന് പെന്റഗണ്‍ മേധാവി മാര്‍ക്ക് എസ്പര്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണം സംബന്ധിച്ച സൗദിയുടെ അന്തിമ വിലയിരുത്തല്‍ എന്തായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് ഇറാന്‍ മാത്രമല്ല ലോകവും.
Post Your Comments