ഭൂമിയില്‍ നിന്ന് മനുഷ്യവംശത്തെ വേരോടെ പിഴുതെറിയുന്ന മാരക രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്ഫോടനം . റഷ്യയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സൈബീരിയയിലെ കോള്‍ട്ട്സവയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലാണു കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. തുടക്കത്തില്‍ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു. ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനല്‍കാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്‌ഐവി, എബോള, ആന്ത്രാക്‌സ്, വസൂരി വൈറസുകളെ ഉള്‍പ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുള്ളത്.
റഷ്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ ‘രഹസ്യ’ സംഭവങ്ങളുടെ കൂട്ടത്തിലാണ് കോള്‍ട്ട്‌സവയിലെ സ്‌ഫോടനവും ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നാഴ്ച മുന്‍പാണ് റഷ്യയുടെ ആണവമിസൈല്‍ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞര്‍ മരിച്ചത്. വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേര്‍ന്നുള്ള അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ 9എം730 ബുറിവീസ്‌നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍
തുടര്‍ന്നു പ്രദേശത്ത് റേഡിയേഷന്‍ നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്‌ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കിഴക്കന്‍ സൈബീരിയയിലെ ക്രാസ്‌നോയാസ്‌ക് മേഖലയില്‍ റഷ്യന്‍ ആയുധ ഡിപ്പോയില്‍ വന്‍ സ്‌ഫോടനമുണ്ടായതും കഴിഞ്ഞ മാസമാണ്. അതിനു പിന്നിലെ കാരണവും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. സമാനമായി വെക്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള തീപിടിത്തത്തിന്റെ വിവരങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടാത്തതും ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉള്‍പ്പെടെ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടര്‍. ഇപ്പോഴും പല മാരകരോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുമുണ്ട്. 1974ല്‍ സെന്റര്‍ ഫോര്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി എന്ന പേരിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യ നിര്‍മിച്ചതാണ് ഇന്‍സ്റ്റിറ്റ്യൂട്ടെന്നാണു പറയപ്പെടുന്നത്. അതിനാല്‍ത്തന്നെ വസൂരിക്കു കാരണമായ വരിയോള വൈറസ്, എബോള, ആന്ത്രാക്‌സ്, ചില തരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബില്‍ ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
Post Your Comments