തൊടുപുഴ: തൊടുപുഴയില്‍ സദാചാര ഗുണ്ടായിസത്തെതുടര്ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റു തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ചന്‍കവല ചിറയത്ത് വിനു പ്രകാശനെയാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ സംഭവത്തില്‍ റിമാന്‍ഡിലായവരുടെ എണ്ണം മൂന്നായി.
തോളില്‍ കുത്തേറ്റു കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുന്ന ലിബിന് ബേബിയെയും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റു ചെയ്യുമെന്നു പോലീസ് അറിയിച്ചു. സദാചാര ഗുണ്ടാ സംഘത്തില്‍പ്പെട്ട മലങ്കര പ്ലാന്റേഷൻ ചേലത്തില്‍ ലിബിന് ബേബിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണു വിനുവിനെ അറസ്റ്റു ചെയ്തത്. മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേല്‍ അനന്തു, പെരുന്പിള്ളിച്ചിറ കരിമ്പിലക്കോട്ടില്‍ ശ്യാംലാല്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്താണ് അറസ്റ്റിലായ വിനു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം പതിനേഴുകാരിയായ പെണ്‍കുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നതു കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്കും കത്തിക്കുത്തിലേക്കും നയിച്ചത്.
Post Your Comments