പാലക്കാട്: സദാചാര കൊലപാതകത്തിൽ പ്ലസ് ടു വിദ്യാര്ഥിയുൾപ്പെടെ 5 എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. പറളി കമ്പ പാറലടി പാറക്കല്‍ വീട്ടില്‍ ഷമീറിനെ ഓട്ടോയില്‍ വരുമ്പോള്‍ പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന അഞ്ചംഗസംഘം ആണ് മർദ്ദിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികൾ ഒളിവിൽ പോയിരുന്നു. കമ്പ പാറക്കല്‍ വീട്ടില്‍ റഹീസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ഷുഹൈബ് (18), കല്‍പ്പാത്തി ശംഖുവാരത്തോട് സ്വദേശി ഷഫീഖ് (24), ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരെയാണ് മേപ്പറമ്പില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് തിങ്കളാഴ്ച്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്.
8ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പുതുപരിയാരം മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ ഷമീര്‍ ഓട്ടോയിൽ വരുമ്പോഴായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാവാത്തയാള്‍ ഉള്‍പ്പെട്ട നാല്‍വര്‍ സംഘം സ്റ്റീല്‍ പൈപ്പ് കൊണ്ട് തലക്കടിച്ചും, കത്തി കൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്. ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയ ഷമീറിനെ പുറകില്‍ നിന്ന് അടിച്ചിടുകയായിരുന്നു. ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ട് ഒളിവില്‍ പോവുകയായിരുന്നു. പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തു നിന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
നിലത്ത് വീണു കിടന്ന ഷമീറിനെ നേരം ഇരുട്ടിയതിനാല്‍ പ്രദേശവാസികളാരും ആരും ശ്രദ്ധിച്ചിരുന്നില്ല. കൂടാതെ ആഴത്തിൽ കുത്തേറ്റിട്ടുമുണ്ടായിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ അവിവാഹിതനാണ്. ഒളിവില്‍ പോയ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റു ചെയ്തത്. ഷഫീഖിന്റെ മേപ്പറമ്പ് പേഴുംകരയിലുള്ള വാടക വീട്ടിലാണ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
Post Your Comments