ന്യൂഡല്‍ഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-)ം പിറന്നാള്‍. പിറന്നാള്‍ ദിനം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരിക്കും അദ്ദേഹം ചെലവഴിക്കുക. അഹമ്മദാബാദില്‍ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കും.തിങ്കളാഴ്ച രാത്രിയോടെ പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തിയിരുന്നു. ഗുജറാത്ത് ഗവര്‍ണ്ണറും സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയും അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തു.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതികളും വിലയിരുത്തും. ‘നമാമി നര്‍മദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാര്‍ലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാനധ്യാപകര്‍ക്കു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ ഇന്ന് ബിജെപി അനുഭാവികള്‍ 569 കിലോ ലഡ്ഡു ഉണ്ടാക്കുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലെ ഒരു ബേക്കറി 700 അടിയുള്ള 7000 കിലോയുടെ കേക്കും നിര്‍മ്മിക്കുന്നുണ്ട്. ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പലയിടത്തും ശുചീകരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സെപ്റ്റംബര്‍ 14 മുതല്‍ ”സേവാസപ്താഹ്” ആയി ആഘോഷിക്കുകയാണ് ബിജെപി.
അതിനാല്‍ ഈ ആഴ്ചയില്‍ രാജ്യത്തുടനീളമുള്ള നിരവധി സാമൂഹിക സംരംഭങ്ങള്‍ ഏറ്റെടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം സംഘടിപ്പിക്കുന്ന ബിജെപി രാജ്യമൊട്ടാകെ വലിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 69 അടി നീളമുള്ള കേക്കാണ് മധ്യപ്രദേശിലെ സിന്ധു സേന പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.
Post Your Comments