Devotional

ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്ന തിരുവഞ്ചികുളം ക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം

തിരുവഞ്ചിക്കുളം ശിവക്ഷേത്രം തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവന്‍ സദാശിവഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

ചരിത്രം

ചേരമാന്‍ പെരുമാളുടെ കാലത്താണ് ക്ഷേത്രനിര്‍മ്മാണമുണ്ടായതെന്ന് കരുതുന്നു. പെരുമാളും സുന്ദരമൂര്‍ത്തി നായനാരും ക്ഷേത്രത്തില്‍ വച്ച് സ്വര്‍ഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവര്‍ ഉറ്റ മിത്രങ്ങളായതിനാല്‍ രണ്ട് പേരുടെയും വിഗ്രഹങ്ങള്‍ ഒരേ ശ്രീകോവിലില്‍ കാണാം.
കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിന്റേതായിരുന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചികുളത്തിന് ലഭിച്ചു. ഈ ക്ഷേത്രം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരണിനാള്‍ ഡച്ചുകാര്‍ ആക്രമിച്ചിട്ടുണ്ട്. ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1801-ല് പുതുക്കി പണിത് പുന:പ്രതിഷ്ഠ നടത്തി. ചിദംബര ക്ഷേത്രത്തില്‍ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോള്‍ തിരുവഞ്ചികുളം ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലാണ്.

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളില്‍ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതല്‍ ഉപദേവതകളുള്ള ക്ഷേത്രം. 28 ഉപദേവതകള്‍. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂര്‍വഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാല്‍ ശിവനേയും പാര്‍വ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയില്‍ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദര്‍ശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നില്‍ ദേവദാസികള്‍ നൃത്തം ചെയ്തിരുന്നു.
ചേരമാന്‍ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാന്‍ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകള്‍ സുന്ദരമൂര്‍ത്തി നായനാരുടേതും ചേരമാന്‍ പെരുമാള്‍ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവര്‍ ചിത്രങ്ങള്‍, ദാരു ശില്പങ്ങള്‍, ശിലാ പ്രതിമകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങള്‍ തറച്ചുവരില്‍ കാണാം.
പ്രതിഷ്ഠ

ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ശിവനാണ്. സദാശിവഭാവമാണെന്ന് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ഉപദേവന്മാര്‍: ഗണപതി, ചേരമാന്‍ പെരുമാള്‍, സുന്ദരമൂര്‍ത്തി നായനാര്‍, ഭൃംഗീരടി, സന്ധ്യവേലയ്ക്കല്‍ ശിവന്‍, പള്ളിയറ ശിവന്‍, ശക്തി പഞ്ചാക്ഷരി, ഭഗവതി, പാര്‍വ്വതി, പരമേശ്വരന്‍, പ്രദോഷ നൃത്തം, സപ്തമാതൃക്കള്‍, ഋഷഭം, ചണ്ഡികേശന്‍, ഉണ്ണിതേവര്‍, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്, പശുപതി, നടയ്ക്കല്‍ ശിവന്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗാഭഗവതി, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍ തേവര്‍, നാഗയക്ഷി, ദക്ഷിണാമൂര്‍ത്തി, ആല്‍ത്തറ ഗോപുടാന്‍ സ്വാമി തുടങ്ങിയവരാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഇത്രയും ഉപദേവതമാരില്ല.
വഴിപാടുകള്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്. ഇവിടെ അഞ്ചു പൂജകള്‍ നടത്തപ്പെടുന്നുണ്ട്. ക്ഷേത്രോത്സവം കുംഭമാസത്തില്‍ നടത്തപ്പെടുന്നു. കറുത്ത വാവ് ആറാട്ട്. ഉത്സവം എട്ട് ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. ശിവരാത്രി ഇതിനിടയിലായതിനാല്‍ അന്ന് കൂടുതല്‍ വിശേഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button