തായിഫ്: കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം യാന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായര്‍ രാവിലെ 8.40-നാണ് വിമാനം തായിഫില്‍ ലാന്റ് ചെയ്തത്. 184 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ 101 പേര്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. ബാക്കിയുള്ളവര്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയവരായിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ വൈകുന്നേരം വരെ തായിഫ് വിമാനത്താവളത്തില്‍ കുടുങ്ങി. ജിദ്ദയില്‍ നിന്ന് വിമാനക്കമ്പനി ജീവനക്കാര്‍ തായിഫിലെത്തിയിരുന്നെങ്കിലും എമിഗ്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. വൈകുന്നേരം സൗദി സമയം അഞ്ചുമണിയോടെ പുറത്തിറങ്ങിയ യാത്രക്കാരില്‍ ഉംറ തീര്‍ഥാടകരെ മക്കയിലേക്കും മറ്റുള്ളവരെ ജിദ്ദയിലേക്കും ബസ്സ് മാര്‍ഗമാണ് കൊണ്ടുപോയത്. യാത്രക്കാരെ സഹായിക്കാനായി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തായിഫ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിമാനത്താവളം കനത്തസുരക്ഷാ വലയത്തിലായിരുന്നു. യാത്രക്കാര്‍ക്ക് വിമാനക്കമ്പനി ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിച്ചു നല്‍കിയിരുന്നു.
ALSO READ: രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ രണ്ട് പേർ പിടിയിൽ
Post Your Comments