
റിയാദ്: ഗള്‍ഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ടിടത്തും എണ്ണ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുദ്ധപ്രഖ്യാപനവുമായി ഇറാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇറാന്‍- അമേരിക്ക വാക്‌പോര് തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്നാണ് അമേരിക്ക വാദിക്കുന്നത്. യെമനില്‍ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവില്ലെന്നും ഇറാനിലാണ് തെളിവുള്ളതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹൂതി വിമതര്‍ക്ക് ഇറാന്റെ പിന്തുണയുള്ളതാണ് അദ്ദേഹം സൂചിപ്പിച്ചത്.
Read Also : കോഴിക്കോട്- ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയത് ഇറാനാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ ആരാംകോ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ യുദ്ധത്തിന് സജ്ജമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണ്. 2000 കിലോമീറ്റര്‍ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ട്- ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാണ്ടര്‍ അമീര്‍ അലി ഹജിസദേ മുന്നറിയിപ്പ് നല്‍കി.
അതേസമയം, സൗദി അറേബ്യയിലെ എണ്ണ ഉത്പാദനം നിറുത്തിവച്ചതോടെ 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാവുക. ഇതോടെ സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്ന് 41ലക്ഷം ബാരലായി കുറയും.
Post Your Comments