ജറുസലം : പശ്ചിമേഷ്യ പുകയുന്നു , ഇറാന് എതിരെ യുദ്ധസന്നാഹവുമായി ഇസ്രയേല്‍. വീണ്ടും അധികാരത്തിലെത്തിയാല്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. പലസ്തീന്‍ സമൂഹത്തിനൊപ്പം യുഎന്നും അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും വിവാദ പ്രഖ്യാപനത്തെ അപലപിച്ചു. ഇസ്രയേലില്‍ 17 നാണ് പൊതുതിരഞ്ഞെടുപ്പ്. തീവ്രദേശീയവാദികളുടെ വോട്ട് നേടാനുള്ള തന്ത്രമാണിതെന്ന് നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശിച്ചു.
Read Also : സമാജ്വവാദി പാര്‍ട്ടി എംപി അസംഖാനെതിരെ വീണ്ടും പുതിയ കേസ്
അതിനിടെ, ഇറാനെതിരെ സ്വതന്ത്രമായി പോരാടാനുള്ള അനുവാദം ഇസ്രയേലിനു നല്‍കണമെന്ന് റഷ്യയോട് നെതന്യാഹു ആവശ്യപ്പെട്ടു. സോചിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. സിറിയയിലെ സുരക്ഷാസഹകരണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു നെതന്യാഹു റഷ്യയിലെത്തിയത്.
ഇറാനും ഇറാന്റെ പിന്തുണയോടെ സായുധ സംഘടന ഹിസ്ബുല്ലയും സിറിയയിലെ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. റഷ്യയുടെ പിന്തുണയും അസദിനുണ്ട്. എന്നാല്‍ സിറിയയില്‍ ഇറാന്‍ ഇടപെടുന്നതിനെ ഇസ്രയേല്‍ എതിര്‍ക്കുകയാണ്. ഇടയ്ക്കിടെ സിറിയയില്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും റഷ്യ അതിനു നേരെ കണ്ണടയ്ക്കുന്നതാണു പതിവ്. ഈ സാഹചര്യത്തിലാണ് സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തിയത്.
Post Your Comments