തിരുവനന്തപുരം: പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാര്‍ഥിയാണു പുറത്തു നല്‍കിയതെന്നു പോലീസിനു വിവരം ലഭിച്ചതായി സൂചന. ഈ വിദ്യാര്‍ഥി തന്നെയാണ് കേസില്‍ പ്രതിയായ പോലിസുകാരന് ഗോകുലിനു ചോദ്യപേപ്പര്‍ എത്തിച്ചുകൊടുത്തതെന്നാണു പോലീസ് സംശയിക്കുന്നത്. പരീക്ഷ തുടങ്ങിയതിനു തൊട്ടുപിന്നാലെ യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഏകദേശം 24 വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന് ഗോകുലിന്റെയും സഫീറിന്റെയും കൈയില്‍ ചോദ്യപേപ്പര്‍ എത്തിച്ചു നല്കിയെന്നുമുള്ള വിവരമാണു ഇപ്പോള്‍ പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ അന്വേഷണം നടക്കുകയാണ്.അതേസമയം പരീക്ഷ തുടങ്ങിയതിനു ശേഷമാണു ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിചേര്‍ന്നിരിക്കുന്നത്.പരീക്ഷാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്റര്‍നെറ്റില്‍ നിന്നും മറ്റും കണ്ടെത്തി എസ്എംഎസായി മൂന്നു പേര്‍ക്കും അയച്ചു നല്‍കിയെന്നാണ് കഴിഞ്ഞ ചോദ്യം ചെയ്യലില്‍ ഗോകുല്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ആരാണു തനിക്ക് ചോദ്യപേപ്പര്‍ എത്തിച്ചുനല്‍കിയത് എന്ന് ഗോകുലിന് അറിയില്ല, മുഖം കണ്ടാല്‍ അറിയാമെന്നാണു ഗോകുല്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
കൂടാതെ കേസിലെ മറ്റൊരു പ്രതിയായ പ്രണവിന്റെ നിര്‍ദേശപ്രകാരമാണ് ചെറുപ്പക്കാരന് ചോദ്യപേപ്പര്‍ എത്തിച്ചു നല്‍കിയതെന്നും ഗോകുല്‍ പോലീസിനോട് പറഞ്ഞു. പ്രണവിനെ ഇതുവരെ അന്വേഷണ സംഘത്തിനു കണ്ടെത്താനായിട്ടില്ല.ഇതിനിടെ യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പേരു വിവരങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം പിഎസ്സിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Post Your Comments