ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി പി ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്‌പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ സെപ്റ്റംബര്‍ 19വരെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തീഹാര്‍ ജയിലിലേക്കാണ് മുന്‍ ആഭ്യന്തരമന്ത്രിയെ കൊണ്ടുപോകുന്നത്. ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്റെ അപേക്ഷ തള്ളിയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇസഡ് ലെവല്‍ സുരക്ഷയുള്ള ചിദംബരത്തെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചിദംബരത്തിന് ജയിലില്‍ മതിയായ സുരക്ഷയുണ്ടാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കി.ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സി.ബി.ഐ വാദം അംഗീകരിച്ചു. വൈകാതെ ചിദംബരത്തിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റും രേഖപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഇന്ന് കസ്റ്റഡി അപേക്ഷ വച്ചില്ല.ജയിലില്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ച് ചിദംബരം റോസ് അവന്യൂ കോടതിക്ക് അപേക്ഷ നല്‍കി.
സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രത്യേക സെല്‍ അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ അനുവദിച്ചു.അതിനിടെ, എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
Post Your Comments