Latest NewsKeralaIndia

തൊഴില്‍ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പരാജയപ്പെട്ടു. മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് മൂന്ന് മണിക്ക് മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മനേജ്‌മെന്റ് രണ്ടേമുക്കാലോടെ അറിയിക്കുകയായിരുന്നു. സിഐടിയു നേതാക്കള്‍ മാത്രമാണ് ചര്‍ച്ചക്ക് എത്തിയത്. സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഒന്‍പതാം തീയതി കോട്ടയത്ത് ചര്‍ച്ച നടത്തുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.

തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌ന പരിഹാരത്തിനായാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് യോഗം വിളിച്ച് ചേര്‍ത്തത്. സിഐടിയു പ്രതിനിധികള്‍ എല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ലഭിക്കാത്തത് കൊണ്ടാണ് ഇന്ന് ചര്‍ച്ചയ്ക്ക് വരാത്തതെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്.കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതലാണ് വിവിധ ബ്രാഞ്ചുകളില്‍ സമരം നടത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാഞ്ചുകളില്‍ പ്രവര്‍ത്തനം നിലച്ച സാഹചര്യമാണ്. അതിനിടെ ബ്രാഞ്ചില്‍ കയറാനെത്തിയ ജീവനക്കാരെ സിഐടിയുക്കാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.സമരം തുടര്‍ന്നാല്‍ മൂന്നൂറോളം ബ്രാഞ്ചുകള്‍ അടച്ച്‌ പൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 15 ബ്രാഞ്ചുകള്‍ അടച്ച്‌ പൂട്ടിയതായി കാണിച്ച്‌ മാനേജ്‌മെന്റ് ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. തൊഴിലാളികളുടെ അവകാശം നേടിയെടുക്കും വരെ സമരം തുടരുമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button