കോട്ടയം : പാലായിൽ കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായുള്ള രണ്ടില ചിഹ്നം സംബന്ധിച്ച വിവാദം നീളുന്നു. സ്ഥാനാർഥിയായ ജോസ് ടോം പുലിക്കുന്നേലിന് ഈ ചിഹ്നം ലഭിക്കണമെങ്കിൽ നിലവിലെ വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകണം. എന്നാൽ ചിഹ്നം അനുവദിക്കാൻ അറിയിച്ച് ജോസഫ് കത്ത് നൽകിയാലും ദിവസങ്ങൾ കുറവായതിനാൽ നടപടികൾ പൂർത്തിയാകാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് പാലായിലെ ചിഹ്നം കെ.എം. മാണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
Also read : മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍
നേരത്തെ പി.ജെ. ജോസഫ് ജോസ് ടോം പുലിക്കുന്നേലിനെതിരെ നടപടിയെടുത്തിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ജോസ് ടോമിനെ അച്ചടക്കലംഘനത്തിനാണ് പുറത്താക്കിയത്. അതിനാൽ അച്ചടക്കനടപടി നേരിട്ട വ്യക്തി പാർട്ടി സ്ഥാനാർഥിയാകണമെങ്കിൽ ചെയർമാനോ ചുമതല വഹിക്കുന്ന വ്യക്തിക്കോ കത്ത് നൽകണമെന്നാണ് കേരള കോൺഗ്രസ് ഭരണഘടനയിൽ പറയുന്നത്. എന്നാൽ ചെയർമാന് ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തുടർനടപടികൾ എടുക്കാൻ സാധിക്കില്ല. സ്റ്റിയറിങ് കമ്മിറ്റി ചേരണം. മൂന്നുദിവസം ഇടവേള നൽകി നോട്ടീസ് കൊടുക്കണം. ഇതിനുള്ള സമയം നിലവിൽ ഇല്ല എന്നാണ് വിവരം. അതേസമയം ചിഹ്നം വേണ്ടെന്ന് സ്ഥാനാർഥി പറഞ്ഞതും ജോസഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ജോസ് ടോം പറഞ്ഞു. പാലായിൽ ബദൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments