KeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു . വധുവിന്റെ പേര് ക്രിസ്ത്യന്‍ പേരാണല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ വിവാഹ രജിസ്‌ട്രേഷന്‍ തടഞ്ഞത്. ദീപക് രാജ്-ക്രിസ്റ്റീന ദമ്പതികളാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാതെ മടങ്ങിയത്. ഗുരുവായൂര്‍ നഗരസഭയിലാണ് സംഭവം.

Read Also : വനിതാ ഡോക്ടറെ മര്‍ദ്ദിച്ച് അമേരിക്കന്‍ വംശജ, വിവരം അന്വേഷിക്കാന്‍ വിളിച്ച പോലീസുകാര്‍ക്കും അസഭ്യ വര്‍ഷം; സംഭവം ഇങ്ങനെ

കഴിഞ്ഞ 24-ാം തിയതിയാണ് ദീപകും ക്രിസ്റ്റീനയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു. മാതാപിതാക്കള്‍ ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വധുവിന്റെ സര്‍ട്ടിഫിക്കറ്റിലെ പേര് ക്രിസ്റ്റീന എംബ്രെസ് എന്നാണെന്നും അത് ക്രിസ്ത്യന്‍ പേരാണെന്നും ചൂണ്ടികാട്ടി ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.

ഗുരുവായൂര്‍ നഗരസഭയിലെ ഭരണകക്ഷിയംഗം അഭിലാഷ് വി ചന്ദ്രന്റെ ഡിക്ലറേഷന്‍ കത്ത് നല്‍കി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ വേണു എടക്കിയൂരായിരുന്നു സാക്ഷിയായി ഹാജരായത്. എന്നാല്‍ ക്രിസ്റ്റീന ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ പരിഗണിക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ അപേക്ഷ തിരിച്ചുനല്‍കുകയായിരുന്നുവെന്ന് വേണു പറഞ്ഞു. ഇന്ന് നടക്കുന്ന ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തേയ്ക്കും.

വേണു എടക്കഴിയൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അച്ഛന്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, അകാലത്തില്‍ അന്തരിച്ച കെ ജയചന്ദ്രന്‍; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്‌ബ്രെസ്സ്. വരന്‍: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ആഗസ്ത് 24, 2019. വിവാഹ സല്‍ക്കാരം: ഔട്ടര്‍ റിങ് റോഡിലെ ഗോകുലം ശബരിയില്‍; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.

കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവര്‍ ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഞാനായിരുന്നു സാക്ഷി. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരില്‍ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യന്‍ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കില്‍ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രേഖകള്‍ അപ്പോള്‍ അവരുടെകയ്യില്‍ ഇല്ല. എസ് എസ് എല്‍ സി സെര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് ചേര്‍ത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയന്‍ വാശിപിടിച്ചിട്ടും സ്‌കൂള്‍ അധികാരികള്‍ അത് ചേര്‍ത്തുകയായിരുന്നു എന്ന് ആനന്ദകനകം) വിവരം കൗണ്‍സിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാള്‍ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവര്‍ തിരിച്ചു കോഴിക്കോട്ടേക്ക് പോയി.ഇനി മറ്റൊരു ദിവസം വരും.

മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്‌നം. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആര്‍ക്കും അറിയില്ല; പ്രത്യക്ഷത്തില്‍ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാല്‍ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂള്‍, അതില്‍ കടുകിട മാറ്റം വരുത്താന്‍ ആര്‍ക്കും ആകില്ല!

ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികള്‍ക്കും ഒരു നിയമവും അറിയില്ല, അവര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്! വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!

shortlink

Related Articles

Post Your Comments

Related Articles


Back to top button