Latest NewsKeralaNews

പ്രളയം നടുവൊടിക്കുമ്പോള്‍ മെട്രോ ഓരോ കിലോമീറ്റര്‍ പൂര്‍ത്തിയാക്കുമ്പോഴും ഉത്ഘാടന മഹാമഹം നടത്തി ജനങ്ങളെ കോരിത്തരിപ്പിക്കുന്ന മുഖ്യമന്ത്രി

അഞ്ജു പാര്‍വതി പ്രഭീഷ്

പ്രതിസന്ധി അതിജീവിക്കാന്‍ ജനങ്ങളോട് മുണ്ട് മുറുക്കാന്‍ കല്‍പ്പിക്കുന്ന ഭരണ കര്‍ത്താക്കള്‍ , അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടുന്നതിനു പകരം ധൂർത്തിന്റെ അവസാനവാക്കായ മാറുന്ന വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ നവോത്ഥാനമുഖമാണ് സമകാലികകേരളത്തിനു പ്രജകൾക്കായി കാഴ്ചവയ്ക്കുവാനുള്ളത്.കൊച്ചി മെട്രോ മഹാരാജാസ് ജംഗ്ഷന്‍ മുതല്‍ തൈക്കൂടം വരെ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്തപ്പോൾ ഒരു പ്രോജക്ടിന്റെ ഭാഗമായ നാലാമത്തെ ഉദ്ഘാടനമഹാമേളയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്.രണ്ടുവർഷത്തിനിടെയുണ്ടായ പ്രളയങ്ങൾ കേരളത്തിന്റെ നടുവൊടിച്ചപ്പോൾ ധൂർത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മാതൃകയാകുന്നുണ്ട് പിണറായി സർക്കാർ.ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ എന്താകണമെന്ന് ഈ നവോത്ഥാനധൂർത്തുകളിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട് ഇടതുപക്ഷഭരണവർഗ്ഗം.

ALSO READ: ‘സ്ത്രൈണ കാമസൂത്ര’ത്തിലൂടെ രതി വൈകൃതങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച എഴുത്തുകാരിയുടെ മലിന ചിന്തകള്‍

മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ അച്ചടിക്കാന്‍ മാത്രം സർക്കാർ ചെലവാക്കിയത് ഒന്നരകോടിയിലധികം രൂപയാണ്.” ഇനി നവകേരളത്തിലേക്ക്’ എന്ന പേരില്‍ 75 ലക്ഷം കോപ്പികളാണ് സ്വകാര്യ പ്രസുകളില്‍ അച്ചടിച്ചത്.സാലറിചലഞ്ച് നടത്തിയും കലാമേളയില്‍ ആര്‍ഭാടംകുറച്ചും ചെലവുചുരുക്കിയ സര്‍ക്കാരാണ് ആയിരം ദിനത്തിന് കോടികള്‍ ചെലവിടുന്നത്.മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന പതിവ് കേരളത്തില്‍ എക്കാലത്തും ഉണ്ട്. എന്നാല്‍ ആയിരം ദിവസങ്ങള്‍ ആരും ആഘോഷിച്ച കീഴ് വഴക്കമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം ആഘോഷിച്ചിരുന്നു. അതും നൂറു ദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. എന്ന് ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ട് കാര്‍ഡും അവതരിപ്പിച്ചു.

ALSO READ: ടൈറ്റാനിയം കേസ്: അന്വേഷണം സിബിഐക്ക് വിടുന്നത് പിണറായി സർക്കാരിന്റെ മണ്ടൻ തീരുമാനമാണെന്ന് ചെന്നിത്തല

ചിലവ് ചുരുക്കല്‍ നടപടിയുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ആദ്യം ചെയ്ത ചെലവ് ചുരുക്കൽ നടപടി വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാരകമ്മിഷന്‍ ചെയര്‍മാനായി പുനരധിവസിപ്പിച്ചുകൊണ്ടാണ്. അതും നല്കിയതോ ക്യാബിനറ്റ് റാങ്ക്. യുഡിഎഫ് ഭരണക്കാലത്ത് കമ്മ്യൂണിസ്റ്റുകാർക്ക് ഹറാമായിരുന്ന ചീഫ് വിപ്പ് പദവി ഭരണത്തിന്‍റെ നാലാംവര്‍ഷത്തില്‍ സിപിഐക്ക് നല്‍കി ചിലവു ചുരുക്കല്‍ ഒന്നുകൂടി ഉഷാറാക്കി അവർ ലാളിത്യത്തിന്റെ അപ്പോസ്തലന്മാരായി.മന്ത്രിസ്ഥാനങ്ങള്‍ വീതം വച്ചപ്പോഴുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമവായ നിര്‍ദ്ദേശമായിരുന്നു കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. കാര്യമായൊന്നും ചെയ്യാനില്ലാത്ത ചീഫ് വിപ്പ് പദവിക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവിടുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചത്. അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ അധികാരം കൈയ്യാളുമ്പോള്‍ പഴയ യുഡിഎഫ് നയം അതേപടി അനുകരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മാത്രമോ ഇതിന്‍റെ ഇടയ്ക്ക് ശ്രീ.ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസനകോര്‍പറേഷന്‍ ചെയര്‍മാൻ സ്ഥാനം നല്കി ഉപകാരസ്മരണപുതുക്കാനും ഈ സർക്കാർ മറന്നില്ല.

ഭരിക്കുന്നവർ അവരുടെ താത്പര്യത്തിനുവേണ്ടി പണം ധൂർത്തടിക്കുന്നത് കേരളജനതയ്ക്ക് വലിയ പുതുമയുള്ള കാര്യമല്ലെങ്കിലും തുടർച്ചയായ രണ്ടു പ്രളയങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന ഒരു ജനതയ്ക്ക് മുന്നിൽ ധൂർത്ത് കൊണ്ട് ധാർഷ്ട്യം കാട്ടുന്ന സർക്കാർ ആദ്യമാണ്.വകുപ്പുകൾ വിഭജിച്ച് എണ്ണം കൂട്ടുക, കണക്കില്ലാതെ നിയമനങ്ങൾ നടത്തുക, സ്വന്തക്കാർക്ക് റിട്ടയർ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പുവരെ പ്രൊമോഷൻ കൊടുത്ത് കൂടുതൽ ആനുകൂല്യങ്ങൾകിട്ടാൻ വഴിയൊരുക്കുക, റിട്ടയർ ചെയ്തവരെ പ്രത്യേക തസ്തികകളിൽ നിലനിർത്തുക, യാത്രചെയ്യാൻ മുന്തിയ കാറുകൾ തന്നെ വാങ്ങിക്കൂട്ടുക, ലക്കും ലഗാനുമില്ലാതെ എയ്ഡഡ് വിദ്യാലയങ്ങൾ അനുവദിക്കുക, ധനമന്ത്രി ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാൻ പറയുമ്പോഴും എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയായി വർധിപ്പിക്കുക തുടങ്ങിയവയൊക്കെ ധനധൂർത്ത് രാഷ്ട്രീയത്തിന് ഉദാഹരണമാണ്. സാമ്പത്തിക പ്രതിസന്ധി എത്രരൂക്ഷമാണെങ്കിലും ധൂർത്തിന് ഒരു കുറവുമില്ല എന്നുമാത്രമല്ല ചോദിക്കാൻ ആരുമില്ല എന്ന അവസ്ഥകൂടിയാണ് നമ്മൾ മലയാളികൾ നേരിട്ടുക്കൊണ്ടിരിക്കുന്നത്.പ്രതിപക്ഷം മൗനവ്രതത്തിലിരുന്ന് ഇത്തരം ധൂർത്തുകൾക്ക് മൗനാനുവാദം നല്കുന്നു.

ഏഴ് കൊലക്കേസുകൾ സി.ബി.ഐ.ക്ക് വിടാതിരിക്കാൻ ഇറക്കുമതി ചെയ്ത അഭിഭാഷകർക്ക് മാത്രം ഈ സർക്കാർ ചെലവിട്ടത് 64 ലക്ഷം രൂപയായിരുന്നു.ഏഴിൽ നാലും സി.പി.എം. പ്രതിക്കൂട്ടിലായ കേസുകൾ. സിറ്റിങ്ങിനു ഓരോന്നിനും ഫീസ് 15 ലക്ഷം. സർക്കാരിന്റെ കേസുകളിൽ ഹാജരാകുകയാണ് അഡ്വക്കേറ്റ് ജനറലിന്റെ ജോലി. അദ്ദേഹത്തിന്റെ കീഴിൽ സർക്കാർശമ്പളം പറ്റുന്ന വക്കീൽപ്പട തന്നെയുണ്ട്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും സർക്കാർ അതറിഞ്ഞ ഭാവമില്ല. ചെലവുചുരുക്കലിന് മാതൃക കാണിക്കേണ്ടവർ തന്നെയാണ് ഏറ്റവും കൂടുതൽ ചെലവാക്കുന്നത്.ഉമ്മൻചാണ്ടി സർക്കാരിന് ജനങ്ങളെയെങ്കിലും പേടിയുണ്ടായിരുന്നു. എന്നാൽ ഈ സർക്കാരിനെ ജനങ്ങൾ ഭയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും മന്ത്രിമാരും ആയിരുന്നിട്ട് കൂടി ധൂര്‍ത്തിന്റെ അങ്ങേത്തലയിലാണ് കേരളത്തിലെ കാര്യങ്ങള്‍.കമ്മ്യൂണിസം അല്ലെങ്കിലും അങ്ങനെ തന്നെയാണ്.പാർട്ടിയിലെ തോറ്റ തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കി ശാക്തീകരിക്കല്‍ തീര്‍ത്തും പ്രത്യയശാസ്ത്രപരമായതുക്കൊണ്ടാണല്ലോ ശ്രീ.സമ്പത്തും ബാലഗോപാലും ഇന്ദ്രപ്രസ്ഥത്തിൽ വിരാജിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button