Latest NewsKerala

പാക് പതാക വിവാദം : വിഷയം അതീവ ഗുരുതരം: കൊടി വിവാദം പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇടംപിടിച്ചതിനു പിന്നില്‍ പുറമെനിന്നുള്ള ഇടപെടലുണ്ടോ എന്ന് അന്വേഷണം വേണം : എംഎസ്എഫിനെതിരെ എസ്എഫ്‌ഐ രംഗത്ത്

കോഴിക്കോട് : തങ്ങളുടെ കൊടി കാരണം പുലിവാല്‍ പിടിച്ച് എം.എസ്.എഫ്. സംഭവത്തില്‍ എസ്എഫ്‌ഐ പരസ്യനിലപാട് വ്യക്തമാക്കി രംഗത്തെത്തി. എം.എസ്.എഫിന്റെ കൊടി തലതിരിച്ച് പിടിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തില്‍ അന്വേഷണം വേണമെന്നും സംഘടന മാപ്പ് പറയണമെന്നും എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തലതിരിച്ച് പിടിച്ച കൊടി പാകിസ്താന്റെ പതാകയോട് സാമ്യമുണ്ടെന്നും ഗുരുതരമായ വീഴ്ചയാണ് ഇതെന്നും ആരോപിച്ചാണ് എസ്.എഫ്.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തുവന്നത്. കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരാണ് കൊടി തലതിരിഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നത്തിലായത്.

Read Also : കോളേജിലെ റാലിയില്‍ പാകിസ്ഥാന്‍ പതാക : വിശദീകരണവുമായി എംഎസ്എഫ് : കേന്ദ്രഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണത്തിനിടെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പതാക തലതിരിച്ച് പിടിച്ചത്. പതാകയില്‍ എം.എസ്.എഫ് എന്ന് രേഖപ്പെടുത്താത്തതും സംഘടനക്ക് വിനയായി. പരാതി പൊലീസിലെത്തിയതോടെ 30 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാകിസ്ഥാന്‍ പതാകയോട് സാമ്യമുള്ള പതാക ഉയര്‍ത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തകര്‍ പതാക സ്റ്റേഷനില്‍ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എം.എസ്.എഫ് എന്ന് എഴുതാതിരുന്നതും ആണ് തെറ്റിദ്ധാരണക്ക് കാരണം എന്ന് നേതാക്കാള്‍ നേരത്തെ പറഞ്ഞിരുന്നു.

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി പുറത്തിറക്കിയ കുറിപ്പിന്റെ പൂര്‍ണ രൂപം :

എം.എസ്.എഫ് പ്രവര്‍ത്തകര്‍ പാക്കിസ്ഥാനോട് സാമ്യമുള്ള പതാക ഉപയോഗിച്ചത് ഗുരുതരമായ വീഴ്ച, അന്വേഷിക്കണം.

കോഴിക്കോട്:- പേരാമ്പ്ര സില്‍വര്‍ കോളേജില്‍, യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ പതാകയോട് സാമ്യമുള്ള പതാക ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണ്. രാഷ്ട്രീയ ബോധമില്ലാത്ത, തങ്ങളുടെ അടയാളമായ കൊടി പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ക്യാമ്പസ്സിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുണ്ടായ വീഴ്ചയായാണ് പ്രസ്തുത സംഭവത്തെ പ്രാഥമികമായി എസ്.എഫ്.ഐ വിലയിരുത്തുന്നത്. എങ്കിലും മനഃപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായോ എന്നത് കൃത്യമായി പരിശോധിക്കണം.

പ്രസ്തുത സംഭവം രാജ്യവ്യാപകമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. ആര്‍.എസ്.എസ്ഉം അവരുടെ ഫ്രിഞ്ച് ഗ്രൂപ്പുകളും കേരളത്തെ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ഭൂമിയായി ചിത്രീകരിക്കാനും, രാജ്യസ്‌നേഹമില്ലാത്ത പാക്കിസ്ഥാന്‍ പ്രേമികളാണ് കേരളീയരും കേരളത്തിലെ മുസ്ലിം ജനവിഭാഗവും എന്ന് വരുത്തിത്തീര്‍ക്കാനും പ്രസ്തുത സംഭവം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലടക്കം ഏറ്റെടുത്ത വിഷയം പാക്കിസ്ഥാനില്‍ പോലും പ്രചരിക്കപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
രാജ്യം കാശ്മീര്‍ വിഷയത്താല്‍ കത്തിനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍, രാജ്യത്തെ മുസ്ലിം ജനവിഭാഗത്തെ തീവ്രവാദികളാക്കാനും, അവരുടെ പൗരത്വം റദ്ദ് ചെയ്യാനും കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന ഈ കാലഘട്ടത്തില്‍ സംഘപരിവാറിന് സാമൂഹിക ദ്രുവീകരണം നടത്താന്‍ കൂടുതല്‍ എണ്ണ ഒഴിച്ചു കൊടുക്കുന്ന പണിയാണ് എം.എസ്.എഫ് ന്റെ ഭാഗത്ത് നിന്നുണ്ടായത്.

വീഴ്ച ഏറ്റെടുത്ത് എം.എസ്.എഫ് നേതൃത്വം നാടിനോട് മാപ്പ് പറയണമെന്നും, സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button