കൊച്ചി: അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന ധീരനായകന്‍ വൈക്കം ഗോപകുമാര്‍ മരണത്തിന് കീഴടങ്ങി. കൊടിയ പോലീസ് മര്‍ദ്ദനങ്ങളുടെ തീരാദുരിതവും പേറി ജീവിക്കുകയായിരുന്ന അദ്ദേഹം മരിക്കുന്നതുവരെ പ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു.
സംഘടനാ പ്രവര്‍ക്കനങ്ങള്‍ക്കിടെ വൈക്കം ഗോപകുമാറിന് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സന്ദീപ് വചസ്പതി ഫേസ്ബുക്കിലെഴുതിയ കുറിപ്പ്. ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ വളയാത്ത നട്ടെല്ലിന്റെ ഉടമയായിരുന്നു ഗോപകുമാര്‍ എന്ന് അദ്ദേഹം പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നതിന് മുന്‍പ് അദ്ദേഹം നേരിട്ട മര്‍ദ്ദനമുറകളെപ്പറ്റിയും ഈ കുറിപ്പില്‍ പറയുന്നു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്താണ് വൈക്കം ഗോപകുമാറിന് പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. രാജനുള്‍പ്പെടെ 30 ല്‍ പരം പേര്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കാലഘട്ടത്തിലാണ് വൈക്കം ഗോപകുമാറും പിടിയിലാകുന്നത്. ആലപ്പുഴ ജില്ലയില്‍ ആര്‍എസ്എസ് പ്രചാരകനായിരിക്കെ 1976 ആഗസ്റ്റ് 1നാണ് 24 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന കെ.പി. ഗോപകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഓടിക്കൂടിയ നാട്ടുകാരോട് കള്ളനോട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെയാണ് അറസ്റ്റു ചെയ്യുന്നതെന്ന് പോലീസ് കള്ളം പറഞ്ഞു. കൗസ്തുഭം എന്ന പോലീസ് ക്യാമ്പിലെത്തിച്ച ഗോപകുമാറിനെ രണ്ടാഴ്ചയിലധികം ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയനാക്കി. ജയപ്രകാശ് നാരായണന്റെ ലോക് സംഘര്‍ഷ് സമിതി സംഘാടകനായിരുന്ന ഭാസ്‌കര്‍ റാവുവിനെ കണ്ടെത്താനും കുരുക്ഷേത്ര എന്ന പ്രസിദ്ധീകരണത്തിന്റെ ഉത്ഭവം അന്വേഷിച്ചുമായിരുന്നു ആ മര്‍ദനം.
ALSO READ: ട്വിറ്റര്‍ സ്ഥാപകനേയും സൈബര്‍ ലോകം വെറുതെ വിടുന്നില്ല; സംഭവിച്ചതിങ്ങനെ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ വളയാത്ത നട്ടെല്ലിന്റെ ഉടമയ്ക്ക് അന്ത്യ പ്രണാമം. അടിയന്തരാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ദനം ഏറ്റു വാങ്ങിയ ശരീരമായിരുന്നു വൈക്കം ഗോപകുമാറിന്റേത്. ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഭാസ്‌കര്‍ റാവുവിനെ കാട്ടിക്കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആഴ്ചകളോളം കരുണാകരന്റെ പൊലീസ് സമാനതകള്‍ ഇല്ലാതെ പീഡിപ്പിച്ചത്. കാരണം അന്ന് പൊലീസിന് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള വ്യക്തിയായിരുന്നു വൈക്കം ഗോപകുമാര്‍. ആര്‍ എസ് എസ് ആലപ്പുഴ ജില്ലാ പ്രചാരക്.
ഞാന്‍ മരിച്ചാലും ഭാസ്‌കര്‍ റാവുജിയെയും സംഘടനയെയും ഒറ്റിക്കൊടുക്കില്ല എന്ന ദൃഡ നിശ്ചയം മര്‍ദ്ദനത്തില്‍ തോത് കൂട്ടി.
ഗോപകുമാറിനെ ചോദ്യം ചെയ്യുന്നത് തനിക്ക് തത്സമയം കേള്‍ക്കണം എന്നായിരുന്നു അന്നത്തെ ഡിസിസി പ്രസിഡന്റ് തച്ചടി പ്രഭാകരന്‍ പൊലീസിന് നല്‍കിയിരുന്ന നിര്‍ദ്ദേശം. അതനുസരിച്ച് ഇസ്പേഡ് ഗോപിയെന്ന രാക്ഷസന്‍ വൈക്കം ഗോപകുമാറിനെ മര്‍ദ്ദിക്കുന്നത് ടെലിഫോണില്‍ കൂടി തച്ചടി പ്രഭാകരനെ കേള്‍പ്പിച്ചിരുന്നു. നിനക്കൊന്നും അനന്തര തലമുറ ഉണ്ടാകരുത് എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. (ഒന്നര വര്‍ഷത്തെ തടവിന് ശേഷം ജയിലില്‍ നിന്ന് ഇറങ്ങി വിവാഹിതനായി 3 മക്കളുമായി അതേ പൊലീസിന് മുന്നിലെത്തിയ പോരാളിയായിരുന്നു ഗോപന്‍ ചേട്ടന്‍.)
ലിംഗം മേശപ്പുറത്ത് വെച്ച് റൂള്‍ തടി കൊണ്ട് ഉരുട്ടുക, വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കുക, ഗരുഡന്‍ തൂക്കം കെട്ടുക, കെട്ടി തൂക്കി ഇട്ട് മര്‍ദ്ദിക്കുക, ഉരുട്ടുക, തല ഭിത്തിക്ക് ഇടിക്കുക ഇതൊക്കെയായിരുന്നു ചൊദ്യം ചെയ്യലിന്റെ അകമ്പടി. ഇതെല്ലാം ഫോണില്‍ കേട്ട് അസ്വദിച്ചിരുന്ന തച്ചടി പ്രഭാകരനെപ്പറ്റി അതേ പൊലീസുകാരന്‍ തന്നെ പിന്നീട് ഗോപന്‍ ചേട്ടനോട് കുമ്പസാരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നത് വരെ ഇതൊക്കെ തുടര്‍ന്നു. പക്ഷെ അപ്പോഴും ഭാസ്‌കര്‍ റാവു എന്നത് പൊലീസിന്റെ സ്വപ്നം മാത്രമായി അവശേഷിച്ചു. (ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് വൈക്കം ഗോപകുമാറിനെ കോടതിയില്‍ പൊലീസ് ഹാജരാക്കിയത്.)
പൊലീസ് മര്‍ദ്ദിക്കാത്ത ഒരിഞ്ച് സ്ഥലം പോലും എന്റെ ശരീരത്തില്‍ ഇല്ലെന്ന് ചിരിയോടെ ഗോപന്‍ ചേട്ടന്‍ പറയുമായിരുന്നു. ഏറ്റവും അവസാനം ജയില്‍ മോചിതരാക്കിയവരില്‍ ഒരാളും വൈക്കം ഗോപകുമാറായിരുന്നു. പിന്നീട് ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനായും ഗോപന്‍ ചേട്ടന്‍ പ്രവര്‍ത്തിച്ചു.
ഗോപകുമാറിനെ പോലെ ഇന്ദിരാ- കരുണാകരന്‍ കൂട്ടുകെട്ടിനെ നേര്‍ക്ക് നേര്‍ എതിരിട്ട നൂറു കണക്കിന് പോരാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. നരകയാതന അനുഭവിച്ച് ശിഷ്ട ജീവിതം തള്ളി നീക്കിയപ്പോഴും ഒരു അവകാശ വാദത്തിനും പോകാതെ നിശബ്ദമായി ജീവിച്ചവര്‍. ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും അവരെ തിരിഞ്ഞു നോക്കിയില്ല.
ഫാസിസ്റ്റ് വിരുദ്ധ പോരാളികളായി സ്വയം മേനി നടിച്ച് സര്‍ക്കാര്‍ സ്‌പോണ്‌സര്‍ഡ് ജീവിതം നയിച്ച പല കമ്മ്യൂണിസ്റ്റ് നേതാക്കളെയും അവര്‍ പിന്നീട് കണ്ടു.
വരും തലമുറയ്ക്ക് ജനാധിപത്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാന്‍ സ്വന്ത ജീവിതം ഹോമിച്ച, ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ആണുങ്ങളില്‍ ആണായ വൈക്കം ഗോപകുമാറിന് ആദരാഞ്ജലികള്‍.
Post Your Comments