ബെയ്ജിങ് : ചൈനയുടെ സൈനിക പരേഡ് ചരിത്രത്തിലിടം പിടിയ്ക്കുന്നു. ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങുകയാണ് ചൈന. ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളാണു പരേഡില്‍ അണിനിരക്കുക. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിയനന്‍മെന്‍ ചത്വരത്തില്‍ ഒക്ടോബര്‍ ഒന്നിനാകും പരേഡ്. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ സൈനികശക്തി പ്രകടിപ്പിക്കാനാണ് ഇത്ര വലിയ പരേഡിന് ചൈന തയാറെടുക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധന ചെയ്യും.
ദേശസുരക്ഷയും സൈനിക ശക്തിയും വര്‍ധിപ്പിക്കുന്നതില്‍ ചൈന കൈവരിച്ച നേട്ടം പരേഡില്‍ പ്രതിഫലിക്കും. ഏതാനും അത്യാധുനിക ആയുധങ്ങള്‍ ആദ്യമായി പരേഡില്‍ പ്രദര്‍ശിപ്പിക്കും. ആണവ മിസൈലുകള്‍ കൂടാതെ ഡിഎഫ് – 41 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, മുങ്ങിക്കപ്പലില്‍ നിന്നു തൊടുക്കാവുന്ന ജെ – 2 ബാലിസ്റ്റിക് മിസൈലുകള്‍, അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെല്‍ത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ- 20 പോര്‍വിമാനങ്ങള്‍ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments