ന്യൂഡൽഹി: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ രാജ്യത്ത് ആറിനം സിഗിംൾ യൂസ് പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. പ്ലാസ്റ്റിക് ബാഗ്, സ്ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാൻ ഉപയോഗിക്കുന്ന സ്റ്റിറർ, വെള്ളം–സോഡ കുപ്പികൾ, ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നിരോധിക്കുക. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൽ പാതിയും ഇത്തരത്തിലുള്ള സിംഗിൾ യൂസ് പ്ലാസ്റ്റിക് ആണ്.
2022ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെ പൂർണമായും ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ഏറെ പ്രചാരത്തിലുള്ള ആറ് സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളുടെ ഘടനാപരമായ പ്രത്യേകത കാരണം അവ റീസൈക്കിൾ ചെയ്യാനും ബുദ്ധിമുട്ടാണ്. വർഷങ്ങളോളം മണ്ണിലും വെള്ളത്തിലും കിടക്കുന്ന ഇവ മാരക രാസവസ്തുക്കളായി വിഘടിക്കും. ഭക്ഷ്യവസ്തുക്കളിലൂടെയും വെള്ളത്തിലൂടെയും മനുഷ്യശരീരത്തിലേക്കു കടക്കുകയും ചെയ്യും.
Post Your Comments