കോതമംഗലം: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടിലെ കുത്തൊഴുക്കില്‍ വീണ പതിനൊന്നുകാരനെ രക്ഷപ്പെടുത്തിയത് വില്ലേജ് ഓഫീസര്‍. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. ചെറുവട്ടൂര്‍ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന മരക്കനായി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു അസ്ലം എന്ന പതിനൊന്നുകാരനും സഹോദരനും. കുളിക്കുന്നതിനിടയില്‍ തോട്ടിലെ കുത്തൊഴുക്കില്‍ കുട്ടി മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന സഹോദരന്‍ നിലവിളിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാരപ്പെട്ടി വില്ലേജ് ഓഫീസര്‍ കെ.എം.സുബൈര്‍ ഇത് ശ്രദ്ധിക്കാനിടയായി. മറ്റൊന്നും ആലോചിക്കാതെ തോട്ടിലേക്ക് ചാടിയ വില്ലേജ് ഓഫീസര്‍ സുബൈര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്ന കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് 200മീറ്റര്‍ അകലെയാണ് സുബൈറിന്റെ വീട്. മരണത്തില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകരുടെ അഭിനന്ദന പ്രവാഹമാണിപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി വാരപ്പെട്ടി വില്ലേജ് ഓഫീസറായ സുബൈര്‍ മുമ്പ് തന്നെ നല്ല ഓഫീസര്‍ എന്ന പേര് നേടിയെടുത്തിട്ടുണ്ട്.
READ ALSO: ഗോകുലം ഗോപാലന്റെ മകന്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍
Post Your Comments