പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രളയത്തില്‍ വെള്ളക്കെട്ടില്‍ ഇറങ്ങിയവരും വീട്ടില്‍ വെള്ളം കയറിയവരും ശുചീകരകണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരും മാത്രമല്ല, മലിനജലവും ചെളിയും ശരീരത്തില്‍ തട്ടിയ പ്രളയബാധിതമല്ലാത്ത മേഖലകളില്‍ ഉള്ളവരും നിര്‍ബന്ധമായും പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പ്രതിരോധ ഗുളികകള്‍ പലയിടങ്ങളിലും ജനങ്ങള്‍ കഴിക്കാതിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഗുളിക കഴിക്കാത്തവരാണ് പിന്നീട് പനി ലക്ഷണവുമായി ആശുപത്രികളില്‍ എത്തിയിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
also read : സംസ്ഥാനത്തു ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
എലികളുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചുണ്ടാകുന്ന രോഗമാണ് എലിപ്പനി. മനുഷ്യരുടെ തൊലി, കണ്ണ്, വായ്, മൂക്ക് എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അവയിലൂടെ മനുഷ്യരിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. പനി, പേശിവേദന, കാല്‍വണ്ണയിലെ പേശികള്‍, ഉദര പേശികള്‍, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ പേശികള്‍ എന്നിവിടങ്ങളില്‍ തൊടുമ്പോഴുള്ള വേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുകയും ചെയ്യും. മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം. കരള്‍ രോഗം, പ്രമേഹം, തുടങ്ങിയ മറ്റ് രോഗങ്ങള്‍ ഈ രോഗത്തെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കും.
ഡോക്‌സി സൈക്ലിന്‍ കഴിക്കേണ്ട വിധം
• രണ്ടു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ളവര്‍ ശരീരഭാരത്തിന്റെ ഓരോ കിലാഗ്രാമിനും നാലു മില്ലിഗ്രാം ഡോക്‌സി സൈക്ലിന്‍ എന്ന തോതില്‍ – ആഴ്ചയില്‍ ഒരു തവണ.
• 12 വയസ്സു മുതല്‍ എല്ലാ പ്രായക്കാരും 200 മില്ലി ഗ്രാം എന്ന തോതില്‍- ആഴ്ചയില്‍ ഒരു തവണ
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും ഡോക്‌സി സൈക്ലിന്‍ കഴിക്കരുത്. പ്രതിരോധ മരുന്നുകള്‍ക്കായി ഇവര്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. മലിന ജലവുമായോ മലിനജലം കലര്‍ന്ന മണ്ണുമായോ സമ്പര്‍ക്കമുള്ളിടത്തോളം കാലം ആഴ്ചയില്‍ ഒരു തവണ വീതം ഡോക്സിസൈക്ലിന്‍ ഗുളികകള്‍ തുടരേണ്ടതാണ്.
Post Your Comments