തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷി കൂറ് മാറി. സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു പി മാത്യുവാണ് കൂറുമാറിയത്.
കേസിലെ നാലാം സാക്ഷിയായിരുന്നു സഞ്ജു. കോണ്‍വെന്റിന് സമീപം സംഭവദിവസം കേസിലെ പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നത് കണ്ടുവെന്നായിരുന്നു സഞ്ജു മൊഴി നല്‍കിയത്. എന്നാല്‍ വിചാരണയ്ക്കിടെ സ്‌കൂട്ടര്‍ കണ്ടിട്ടില്ലെന്ന് സഞ്ജു കോടതിയില്‍ മൊഴി തിരുത്തുകയായിരുന്നു. കേസിലെ വിചാരണ ആരംഭിച്ച ഇന്നലെ, കേസിലെ 50-ാം സാക്ഷിയും സിസ്റ്റര്‍ അഭയയുടെ റൂംമേറ്റുമായിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറിയിരുന്നു.
കൊലപാതകം നടന്ന ദിവസം കോണ്‍വന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നല്‍കിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റര്‍ അനുപമ കോടതിയില്‍ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റര്‍ തിരുത്തി.
Read Also : അഭയയുടെത് കൊലപാതകം തന്നെ: മൂന്നു പ്രതികൾക്കുമെതിരെ ശക്തമായ തെളിവുകളുമായി സി ബി ഐ
അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നും സിസ്റ്റര്‍ അനുപമ കോടതിയില്‍ പറഞ്ഞു. കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രിക്ക് അഭയയുടെ ബാച്ച് മേറ്റായിരുന്നു സിസ്റ്റര്‍ അനുപമ. അഭയയോടൊപ്പം കോണ്‍വെന്റില്‍ സിസ്റ്റര്‍ അനുപമ ഒരുമിച്ച് താമസിച്ചിരുന്നു.
Post Your Comments