ആലപ്പുഴ : മനു കൊലക്കേസില്‍ പ്രതികളുടെ വെളിപ്പെടുത്തല്‍ പൊലീസിനെ പോലും ഞെട്ടിക്കുന്നത്. ജീവനോടെ കുഴിച്ചിട്ട മനുവിനെ ദൃശ്യം മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ പദ്ധതിയിട്ടതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പറവൂരില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കാകന്‍ മനുവിന്റെ കൊലയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെ കുഴിച്ചിട്ട മൃതദേഹം മാറ്റാന്‍ നാലാംപ്രതിയായ പത്രോസ് ജോണ്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ‘ദൃശ്യം’ മോഡലില്‍ തെളിവു നശിപ്പിക്കാനായിരുന്നു പദ്ധതിയിട്ടത്. മനു കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കേസില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതും പത്രോസ് ആയിരുന്നു. എന്നാല്‍ പത്രോസ് തുടക്കത്തിലേ പിടിയിലായതാണ് തന്ത്രങ്ങള്‍ പൊളിയാന്‍ കാരണമായത്.
Read Also : ആറ്റിങ്ങല്‍ മനു കൊലപാതകം : പ്രതിയെ പിടികൂടിയപ്പോള്‍ പൊലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ ഞെട്ടല്‍
പറവൂരിലെ ബാറില്‍ തുടങ്ങിയ സംഘര്‍ഷം ഗലീലിയ കടപ്പുറത്ത് കാകന്‍ മനുവിന്റെ കൊലപാതകത്തില്‍ അവസാനിച്ചപ്പോള്‍ പത്രോസ് ജോണിനു(അപ്പാപ്പന്‍ പത്രോസ്) മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിലാണ് തെളിഞ്ഞത്. ബാറിലെയും പറവൂര്‍ ജംഗ്ഷനിലെയും അടിപിടികള്‍ സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പിടിക്കപ്പെട്ടാല്‍ അതുവരെയുള്ള സംഭവങ്ങള്‍ കൃത്യമായി പറയാന്‍ പത്രോസ് കൂട്ടുപ്രതികളോട് ആവശ്യപ്പെട്ടിരുന്നു.
പിന്നീടുള്ള കാര്യങ്ങള്‍ പൊലീസിനു പിടികിട്ടാത്തവിധം കെട്ടിച്ചമയ്ക്കാനായിരുന്നു പത്രോസിന്റെ തീരുമാനം. മൃതദേഹം കിട്ടിയില്ലെങ്കില്‍ ഒരിക്കലും കൊലക്കുറ്റം ചുമത്താന്‍ പൊലീസിനു കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പത്രോസ് പ്ലാന്‍ എ ആസൂത്രണം ചെയ്തത്. അതിനായി പിടിക്കപ്പെട്ടാല്‍ മൃതദേഹം കടലിലാണ് ഉപേക്ഷിച്ചതെന്നു പറയണമെന്നു പത്രോസ് സംഘാംഗങ്ങളെ ചട്ടംകെട്ടി.
എന്നാല്‍, ചോദ്യം ചെയ്യലില്‍ ആരെങ്കിലും സത്യം പറഞ്ഞാല്‍ പിടിക്കപ്പെടാതിരിക്കാനാണ് പത്രോസ് ജോണ്‍ ‘പ്ലാന്‍ ബി’ എന്ന രീതിയില്‍ ‘ദൃശ്യം’ മാതൃകയില്‍ മറ്റൊരു തന്ത്രം ആസൂത്രണം ചെയ്തത്. അതിനായി തീരത്ത് കുഴിച്ചിടാനെത്തിയ സഹായികളോട് രണ്ടടി മാത്രം ആഴത്തില്‍ മൃതദേഹം കുഴിച്ചിട്ടാല്‍ മതിയെന്ന് പത്രോസ് നിര്‍ദേശിച്ചു. എന്നാല്‍ മദ്യത്തിന്റെ ലഹരിയില്‍ പത്രോസിന്റെ നിര്‍ദേശം ആര്‍ക്കും മനസ്സിലായില്ല. അവര്‍ നല്ല ആഴത്തില്‍ കുഴിച്ച് മൃതദേഹം മണ്ണിട്ടു മൂടി.
എല്ലാവരും പോയ ശേഷം വിശ്വസ്തരെ മാത്രം കൂട്ടി മനുവിന്റെ മൃതദേഹം അവിടെ നിന്നു മാറ്റി മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുക എന്നതായിരുന്നു പത്രോസിന്റെ പ്ലാന്‍ ബി. ഇതോടെ പ്രതികള്‍ ആരെങ്കിലും പൊലീസിനെ ആദ്യം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്താലും പിടിക്കപ്പെടില്ലെന്നും മര്‍ദനം ഭയന്നാണ് അവര്‍ ഏതെങ്കിലും സ്ഥലം കാണിച്ചതാണെന്ന് കോടതിയില്‍ തെളിയിക്കാനാകുമെന്നും പത്രോസ് വിചാരിച്ചു.
എന്നാല്‍ മദ്യലഹരിയില്‍ മറ്റുപ്രതികള്‍ മൃതദേഹം ആഴത്തില്‍ കുഴിച്ചിട്ടത്, പത്രോസിന് മനുവിന്റെ ശവശരീരം വീണ്ടും പുറത്തെടുക്കുന്നത് വെല്ലുവിളിയായി. മാത്രമല്ല, മനുവിനെ കാണാതായ കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പത്രോസിനെയും സൈമണിനെയും ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പത്രോസിന്റെ പ്ലാനുകള്‍ പൊളിയുകയായിരുന്നു. പിടിയിലായ അഞ്ചാം പ്രതി കൊച്ചുമോന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാണിച്ചുകൊടുക്കുകയും, പൊലീസ് കടല്‍തീരത്തുനിന്നും മനുവിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
Post Your Comments