ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.
കുത്തരിയുടെ ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, പപ്പടം, അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍ സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങള്‍ എന്നിവയാണ് ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങള്‍. സദ്യയിലെ ഓരോ വിഭവത്തിന്റെയും ആരോഗ്യഗുണങ്ങളറിയാം
ചോറ്
തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറില്‍ ബികോംപ്ലക്‌സ് വൈറ്റമിനുകളായ തയമിന്‍, റൈബോഫ്‌ലെവിന്‍, നിയാസിന്‍ എന്നിവയും നാരുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൈസീമിക് സൂചകം കുറവാകയാല്‍ പ്രമേഹരോഗികള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും ഗുണം ചെയ്യും.
പരിപ്പ്, നെയ്യ്, പപ്പടം
സ്യാഹാരികള്‍ ശരീരത്തിലെ പ്രോട്ടീന്‍ കുറവു പരിഹരിക്കാന്‍ പരിപ്പ് വര്‍ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണ്. പരിപ്പ് ആനുപാതികമല്ലാത്ത ശരീരഭാരത്തെയും ഉയര്‍ന്ന കൊളസ്‌ട്രോളിനെയും നിയന്ത്രിക്കുന്നു. രക്തക്കുഴലുകളില്‍ മാലിന്യം അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാന്‍ പരിപ്പിനു കഴിയും. നെയ്യില്‍ വൈറ്റമിനുകളായ എ, ഡി. ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ കാഴ്ചയ്ക്കും ഇ ചര്‍മത്തിനും ഡി കാല്‍സ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്
ഇഞ്ചിക്കറി 100 കറികള്‍ക്കു തുല്യമാണ്. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ എ, സി,. ഇ, ബി മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്.
തൊടുകറിയായി സദ്യയ്‌ക്കൊപ്പം വിളമ്പുന്ന നാരങ്ങ, മാങ്ങ അച്ചാറുകളില്‍ വൈറ്റമിന്‍ സി, ഫ്‌ലവനോയ്ഡ് പോഷകഗുണങ്ങളുണ്ട്. അച്ചാറുകള്‍ മിതമായി ഭക്ഷിക്കുന്നതാണ് അഭികാമ്യം. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനത്തിനു സഹായിക്കുന്നു.
വെള്ളരിക്കയാണ് മലയാളികള്‍ കിച്ചടിക്കു പ്രധാനമായി ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാന്‍ സഹായിക്കും. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെള്ളരിക്ക മുന്‍പിലാണ്. അസിഡിറ്റി ഉള്ളവര്‍ക്കു നല്ലൊരു ഔഷധമാണിത്
പച്ചടിയില്‍ത്തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാവുന്നതാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടിലുള്ള നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ബീറ്റാസയാനിന്‍ ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമാണ് മത്തങ്ങ. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്തു തയാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. വൈറ്റമിനുകളുടെയും മിനറലുകളുടേയും കലവറയാണ് അവിയല്‍. അവയിലിലെ പച്ചക്കറികളിലെ നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു
പലതരം പച്ചക്കറികളുടെ ചേരുവയാണ് സാമ്പാര്‍. വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക, കാരറ്റ്, വഴുതനങ്ങ, വെള്ളരി, പടവലങ്ങ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. അതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിനു ലഭ്യമാകുകയും ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് പ്രധാന ചേരുവയായതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ് സാമ്പാര്‍
മോരില്‍ കാല്‍സ്യവും വൈറ്റമിന്‍ ഡിയും സമൃദ്ധമായതിനാല്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മോരിലുള്ള, മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും പരിഹരിക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയഡിന്‍, റൈബോഫ്‌ലെവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ മോരില്‍ അടങ്ങിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിനു സഹായിക്കുന്നു. രസത്തിലെ പ്രധാന ചേരുവയായ തക്കാളിയിലെ ലൈക്കോപ്പിന്‍ കൊഴുപ്പിനെ നിയന്ത്രിക്കുന്നു
വിവിധ തരത്തിലുള്ള പായസങ്ങളാണ് ഓണസദ്യയ്ക്കു പൂര്‍ണത നല്‍കുന്നത്. അടപ്രഥമനും പാല്‍പ്പായസവുമാണ് പ്രധാനം. ശര്‍ക്കര ചേര്‍ത്തു തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പാല്‍പായസം
സദ്യയ്ക്കു ശേഷം ഒരു ഗ്ലാസ്സ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുതേ. ഇഞ്ചിയുടെ ഗുണങ്ങളെല്ലാമുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും കഴിയും
Post Your Comments