ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ് ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ഭാദ്രപതശുക്ലചതുർത്ഥി നാളിലാണ് ഇത് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിനായക ചതുർത്ഥി ആഗസ്തിലോ സെപ്റ്റംബറിലോ ആയിരിക്കും. ശണേശ വിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്.
ALSO READ: ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ
ഇന്ത്യയിലെ എല്ലായിടത്തും ഗണേശ് ചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും ഗോവ സംസ്ഥാനത്ത് വളരെ വ്യത്യസ്തമായ രീതിയിൽ വിപുലമായാണ് ആഘോഷങ്ങൾ നടക്കുന്നത്. ഗോവയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ വരെ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗണേശചതുർത്ഥി ഒരു പ്രധാന ആഘോഷമാണ്.
അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കിൽ അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർഥി എന്നും ഈ ദിവസം അറിയപ്പെടുന്നു.
ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതിഭഗവാൻ വയർ നിറഞ്ഞതിനാൽ ബാലൻസ് തെറ്റി വീണു.ഇതു കണ്ട് കളിയാക്കി ചിരിച്ച ചന്ദ്രനെ ‘‘വിനായക ചതുർഥി ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’’ എന്ന് ശപിക്കുകയും ചെയ്തു. അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു. കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും.
Post Your Comments