ഓണക്കാലം വരുമ്പോള്‍ കൊതിയൂറും വിഭവങ്ങളാണ് നമ്മുടെ മനസ്സില്‍ വരുക. വിഭവങ്ങളില്‍ പായസത്തിനായിരിക്കും ആരാധകര്‍ ഏറുക. പാലട,അടപ്രഥമന്‍, പരിപ്പ് തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും.
അവല്‍ പായസം
ചേരുവകള്‍
1 അവല്‍ – 1/4 കിലോ
2 ശര്‍ക്കര – 1/2 കിലോ
3 തേങ്ങ – 3 എണ്ണം
4 ചൗവ്വരി – 50 ഗ്രാം
5 നെയ്യ് – 100 ഗ്രാം
6 തേങ്ങാക്കൊത്ത് – 100 ഗ്രാം
7 അണ്ടിപ്പരിപ്പ്, കിസ്മിസ് – 50 ഗ്രാം വീതം
8 ഏലയ്ക്ക – 50 ഗ്രാം
തയാറാക്കുന്നവിധം
തേങ്ങയുടെ മൂന്ന് പാല്‍ തയാറാക്കി വയ്ക്കുക. ചൗവ്വരി വേവിക്കുക. ശര്‍ക്കര പാവ് കാച്ചി അതില്‍ അവലും നെയ്യും ചേര്‍ത്തു വഴറ്റുക.നൂല്‍പ്പരുവമാകുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. പിന്നെ രണ്ടാം പാല്‍ ചേര്‍ക്കുക. ഒരുവിധം വറ്റുമ്പോള്‍ വേവിച്ച ചൗവ്വരിയും ഒന്നാം പാലും ചേര്‍ത്തിളക്കുക. അഞ്ചുമിനിറ്റ് കഴിയുമ്പോള്‍ വാങ്ങിവയ്ക്കണം. നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തശേഷം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.
പാല്‍പ്പായസം
ചേരുവകള്‍
1 പച്ചനെല്ല് കുത്തിയ ചമ്പാവരി – 2 തവി
2 പാല്‍ കാച്ചിയത് – 2 ലിറ്റര്‍
3 ഏലയ്ക്ക പൊടിച്ചത് – 25 ഗ്രാം
4 പഞ്ചസാര – ഒന്നരക്കിലോ.
തയാറാക്കുന്നവിധം
പഞ്ചസാര പൊടിച്ചുവയ്ക്കുക. അരി നന്നായി കഴുകി അരലിറ്റര്‍ വെള്ളവും പാലും ചേര്‍ത്തു കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ വന്നുകഴിഞ്ഞാല്‍ മുക്കാല്‍ മണിക്കൂര്‍ ചെറുതീയില്‍ വേവിക്കുക. പ്രഷര്‍ തനിയേ ഇറങ്ങിയ ശേഷം കുക്കര്‍ തുറന്നു പഞ്ചസാര പൊടിച്ചതു ചേര്‍ത്തിളക്കുക. ഒരുവിധം കുറുകിവരുമ്പോള്‍ വാങ്ങി വച്ച ശേഷം ഏലയ്ക്കാപ്പൊടി വിതറുക.
പഴം പായസം
ചേരുവകള്‍
1 നന്നായി പഴുത്ത ഏത്തപ്പഴം – അര കിലോ
2 ശര്‍ക്കര – ഒരു കിലോ
3 തേങ്ങ – 3 എണ്ണം
4 നെയ്യ് – 150 ഗ്രാം
5 ചൗവ്വരി – 50 ഗ്രാം
6 അണ്ടിപ്പരിപ്പ്, കിസ്മിസ് – 50 ഗ്രാം വീതം
7 ഏലയ്ക്ക – ആവശ്യത്തിന്
8 തേങ്ങ വറുത്തത് – 50 ഗ്രാം
തയാറാക്കുന്നവിധം
ചൗവ്വരി വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തുവയ്ക്കുക. ഏത്തപ്പഴം തൊലികളഞ്ഞു നന്നായി കുക്കറില്‍ വേവിച്ച് ഉടയ്ക്കുക. അതിനുശേഷം ശര്‍ക്കര പാവില്‍ നെയ്യും ചേര്‍ത്ത് പഴം വഴറ്റിയെടുക്കുക. നൂല്‍പ്പരുവമാകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക. കുറുകിവരുമ്പോള്‍ വേവിച്ച ചൗവ്വരിയും ഒന്നാം പാലും ചേര്‍ത്തു പത്തുമിനിട്ട് ഇളക്കിയ ശേഷം വാങ്ങുക. വറുത്ത തേങ്ങയും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി ഏലയ്ക്കാപ്പൊടിയും വിതറി ഉപയോഗിക്കാം.
പൈനാപ്പിള്‍ പായസം
ആവശ്യമായ സാധനങ്ങള്‍
നന്നായി പഴുത്ത പൈനാപ്പിള്‍ – നാല് കപ്പ്
(ഒരു ഇടത്തരം പൈനാപ്പിള്‍ മതിയാകും, ചെറുതായി അരിഞ്ഞത്)
പഞ്ചസാര – ഒന്നര കപ്പ്
ചൗവ്വരി വേവിച്ചത് – അര കപ്പ്
ഇടത്തരം കട്ടിത്തേങ്ങാപ്പാല്‍ – നാല് കപ്പ്
വെള്ളം – രണ്ട് കപ്പ്
കേസരി കളര്‍ (മഞ്ഞ ഫുഡ്കളര്‍) – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂണ്‍
മില്‍ക് മെയ്ഡ് – അര കപ്പ്
തയാറാക്കുന്നവിധം
അര കപ്പ് ചൗവ്വരി ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. (ഇത് ഏകദേശം ഒന്നരകപ്പ് ഉണ്ടാകും). പൈനാപ്പിള്‍ കഷണങ്ങള്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
പൈനാപ്പിള്‍ പാകത്തിനു വെന്തുകഴിഞ്ഞാല്‍ പഞ്ചസാരയും കേസരികളറും വേവിച്ച ചൗവ്വരിയും ചേര്‍ത്ത് വീണ്ടും ഒരു അഞ്ചു മിനിറ്റ് വേവിക്കുക. ഇതിലേക്ക് നാലു കപ്പ് ഇടത്തരം അയവിലുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. തിള വന്നുതുടങ്ങുമ്പോള്‍ അര കപ്പ് മില്‍ക്‌മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നു മാറ്റുക. പായസം തയാര്‍.
കടലപ്പരിപ്പ് പ്രഥമന്‍
ആവശ്യമായ സാധനങ്ങള്‍
കടലപ്പരിപ്പ് (വേവിച്ച് ഉടച്ചത്) – 250 ഗ്രാം
ശര്‍ക്കര (ഉരുക്കി അരിച്ചത്) – 600 ഗ്രാം
ചൗവരി (വേവിച്ചത്) – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
തേങ്ങാക്കൊത്ത് – അരകപ്പ്
ഏലയ്ക്കാപ്പൊടിച്ചത് – ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (മൂന്നാംപാല്‍) – മൂന്ന് കപ്പ്
രണ്ടാം പാല്‍ ( രണ്ട് കപ്പ്)
ഒന്നാം പാല്‍ (ഒരു കപ്പ്)
നെയ്യ് – 50 ഗ്രാം
തയാറാക്കുന്നവിധം
ഉരുളിയില്‍ അല്‍പം നെയ്യ് ഒഴിച്ച് വേവിച്ച കടലപ്പരിപ്പ് ഇട്ട് വഴറ്റി ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് വരട്ടി എടുക്കുക.
ഇതിലേയ്ക്ക് മൂന്നാം പാല്‍ ഒഴിച്ച് ചൗവരി വേവിച്ചതും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക.
മൂന്നാം പാല്‍ വറ്റിത്തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് കുറുക്കി ഒന്നാം പാലും ചേര്‍ത്ത് പായസം അടുപ്പില്‍ നിന്ന് മാറ്റി ഏലയ്ക്കാപ്പൊടിച്ചതും ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും വിതറുക.
അടപ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ്
മൈദമാവ് – ടീ സ്പൂണ്‍
ശര്‍ക്കര അലിയിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
വാഴയില – ആവശ്യത്തിന്
പ്രഥമന് വേണ്ട ചേരുവകള്‍
ശര്‍ക്കര ഉരുക്കിയത് – 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒരു കപ്പ്
രണ്ടാം പാല്‍ – മൂന്ന് കപ്പ്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
നെയ്യ് – 100 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം
തയാറാക്കുന്നവിധം
അട ഉണ്ടാക്കാന്‍
ചമ്പാ പച്ചരിമാവും മൈദയും ശര്‍ക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക. (കൈയില്‍ നിന്നും തുള്ളിയായി ഇലയിലേക്ക് വീഴുന്ന പാകത്തിന്). ഈ കലക്കിയ മാവ് വാഴയിലയുടെ മുകളില്‍ തുള്ളിയായി ചുറ്റി കൈകൊണ്ട് വീഴ്ത്തുക. ഇല നന്നായി മടക്കുക. ഇങ്ങനെ മടക്കിയ ഇലകള്‍ ചേര്‍ത്ത് വാഴനാര് വച്ചു കെട്ടി തിളപ്പിച്ച വെള്ളത്തിലേയ്ക്ക് ഇട്ട് അമര്‍ത്തികൊടുക്കുക. ഏകദേശം 15മിനിറ്റ് തിളച്ച വെള്ളത്തില്‍ കിടന്ന് വെന്തശേഷം ഈ ഇലക്കെട്ടുകള്‍ തണുത്ത വെള്ളത്തിലേയ്ക്ക് ഇടുക. ഇലകള്‍ തുറന്ന് അട ഇളക്കി ആ തണുത്ത വെള്ളത്തിലേക്കുതന്നെ ഇടുക. ഈ അട വെള്ളത്തില്‍ നിന്ന് അരിച്ചുമാറ്റി വെള്ളം വാലാന്‍ വയ്ക്കുക.
ഇങ്ങനെ ഉണ്ടാക്കുന്ന അട അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന അട (ഏകദേശം മുക്കാല്‍ പാക്കറ്റ് അട തിളച്ച വെള്ളത്തില്‍ ഇട്ട് വേവിച്ച് മാറ്റിയത്) ഉരുളിയില്‍ ശര്‍ക്കരപ്പാനിയുടെ കൂടെ ഇട്ട് വരട്ടുക.
പാകം മൂത്ത് കഴിഞ്ഞാല്‍ പകുതി നെയ്യും ഒഴിച്ച് വീണ്ടും വരട്ടുക. ഇതിലേയ്ക്ക് രണ്ടാം പാല്‍ ഒഴിച്ച് കുറുകുവാന്‍ അനുവദിക്കുക. പാകത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാംപാലും ഒഴിച്ച് ആവശ്യത്തിന് ഏലയ്ക്കാ ചേര്‍ത്ത് ഉരുളി അടുപ്പില്‍ നിന്ന് വാങ്ങുക. അവസാനമായി ബാക്കി നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ആ നെയ്യോടുകൂടി പ്രഥമനിലേക്ക് ഒഴിക്കുക. അടപ്രമഥന്‍ തയ്യാര്‍.
(വേണമെങ്കില്‍ കാല്‍ കപ്പ് ചൗവരി തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിച്ച് ഈ പ്രഥമനില്‍ ചേര്‍ക്കാം. ചൗവരി ചേര്‍ക്കുകയാണെങ്കില്‍ അട ശര്‍ക്കര ഉരുക്കിയതില്‍ വരട്ടുന്ന സമയത്തു ചേര്‍ക്കണം).
Post Your Comments