തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് നല്‍കിയതില്‍ ഗൂഢാലോചനയില്ലെന്നും ഗതികേടുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും നാസിലിന്റെ ഉമ്മ റാബിയ. തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയെ സാമ്പത്തികമായി വന്‍തുക പറ്റിച്ചെന്നും അവര്‍
പറഞ്ഞു. പല വട്ടം പൈസ ചോദിച്ചിട്ടും തന്നില്ല. പത്ത് വര്‍ഷമായി തുഷാര്‍ നല്‍കാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാര്‍ പറ്റിച്ചതിനെ തുടര്‍ന്നാണ് നാസില്‍ ദുബായില്‍ ജയിലിലായതെന്നും ഉമ്മ റാബിയ പറഞ്ഞു.
ALSO READ: നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത്
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ് കേസുകൊടുത്തത്. ഇതിന് പിന്നില്‍ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരില്‍ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. ഇപ്പോള്‍ കടം കാരണം നാസിലിന് നാട്ടില്‍ വരാനാകാത്ത അവസ്ഥയാണ്. തുഷാര്‍ എങ്ങനെയെങ്കിലും ആ പണം തിരിച്ച് തരണം. തുഷാറിനെ കേസില്‍ കുടുക്കാന്‍ ആഗ്രഹമില്ല. ഇനിയെങ്കിലും തുഷാര്‍ പണം തിരികെ തരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. നാസിലിന്റെ ഉപ്പയും ഉമ്മയും വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. തീരെ അവശനായ ഉപ്പ വീല്‍ചെയറിലാണ് കഴിയുന്നത്.
എന്നാല്‍, തരാനുള്ള പണം മുഴുവന്‍ നല്‍കുകയാണെങ്കില്‍ കേസില്‍നിന്നു പിന്നോട്ടുപോകാന്‍ തയാറാണെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു.
പരിഹാരമുണ്ടാകുന്നതുവരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തന്റെ തീരുമാനമെന്നും നാസില്‍ വെളിപ്പെടുത്തി. തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ പലര്‍ക്കും പണം നല്‍കാനുണ്ടെന്നും അതില്‍ പത്തോളം പേരെ തനിക്ക് നേരിട്ടറിയാം എന്നും നാസില്‍ പറഞ്ഞു. എന്നാല്‍ പലരും ഭയം കാരണം കേസിനു പോകാന്‍ തയ്യാറാകുന്നില്ല.
അതേസമയം, ഇന്നലെ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ മതിലകം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. നാസില്‍ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയാനാണ് പോലീസ് എത്തിയതെന്നാണ് വിവരം. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തില്‍ ഇപ്പോഴൊരു കേസ് വരുമ്പോള്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസെത്തിയത്.
Post Your Comments