ദുബായ്: ചെക്ക് കേസിനെ തുടര്‍ന്ന് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ഉടന്‍ ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന. തുഷാറിന്റെ ജാമ്യത്തിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇടപെട്ടതായാണ് വിവരം. ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ എത്രയും വേഗം പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ടി വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍ നടത്തുന്നത്. വെള്ളാപ്പള്ളിയുടെ അഭ്യര്‍ഥന പ്രകാരം എം.എ യൂസഫലി ഇടപെട്ട് ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തുക അടിയന്തരമായി കെട്ടിവച്ച് ആദ്യം തന്നെ തുഷാറിന് ജാമ്യം നല്‍കാനാണ് ശ്രമിക്കുന്നത്.
ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് തുഷാര്‍ കുടുങ്ങിയത്. അജ്മാനിലെ വ്യവസായിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് രണ്ടു ദിവസം മുന്‍പ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് അറിവ് ഉണ്ടായിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ അജ്മാനിലേക്ക് വിളിച്ചു വരുത്തി. കേരളത്തില്‍ നിന്നും അജ്മാനിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി ഒരു ഹോട്ടലില്‍ വെച്ച് പരാതിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.
അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ നഷ്ടത്തിലായതോടെ പത്തുവര്‍ഷം മുമ്പ് വെള്ളാപ്പള്ളി കമ്പനി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കാണ് ഇപ്പോള്‍ തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. തിയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്.
ALSO READ: തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍
അതേസമയം, ഇത്രയധികം പണം നല്‍കാനില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തന്നെയുമല്ല പത്തുവര്‍ഷം മുന്‍പു നിര്‍ത്തിപ്പോയ ബോയിങ് കമ്പനിയുടെ പേരിലാണ് ചെക്ക് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ കേസിന് ദുര്‍ബലമായ അടിത്തറയാണുള്ളത്. കൂടാതെ ചെക്ക് നല്‍കിയ സമയത്ത് തുഷാര്‍ ദുബായില്‍ ഇല്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുഷാറിന്റെ കമ്പനിയില്‍ മുന്‍പ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് തൃശൂര്‍ സ്വദേശിക്കു നല്‍കിയതെന്നാണ് അറിയുന്നത്.
Post Your Comments