തിരുവനന്തപുരം : പിഎസ്‍സി കോൺസ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസിൽ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. നേരത്തെ മുൻ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സഹകരിക്കാതിരിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്. കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
Also read : കെവിന്‍ വധക്കേസ് വിധി; കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്
പരീക്ഷ തട്ടിപ്പ് കേസിലെ നാലം പ്രതി സഫീർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ പിഎസ്‍സിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഉന്നത സ്വാധീനമുള്ളയാൾക്ക് ചോദ്യപ്പേപ്പറും ഉയർന്ന മാർക്കും കിട്ടുന്നസ്ഥിതിയാണോ പരീക്ഷയിലെന്നും പിഎസ്‍സിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്നും കോടതി വിമർശിച്ചു. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണിനയിലുണ്ടെന്ന കാരണത്താൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അത് തടസ്സമല്ല. സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകിയ മുൻ ആഭ്യന്തരമന്ത്രിയെവരെ അറസ്റ്റ് ചെയ്തെന്നും കോടതി പറഞ്ഞു.
Post Your Comments