ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റ കുടുംബത്തിനു മറ്റൊരു കേസിലും തിരിച്ചടി. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്‌റ്റേ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലുള്ള കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണു തള്ളിയത്.
തമിഴ്‌നാട്ടില്‍ മുതുകാട് എന്ന സ്ഥലത്തെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും ഇത് വരുമാനരേഖകളില്‍ കാണിച്ചില്ലെന്നുമാണ് ആരോപണം. കുറ്റകൃത്യം നടന്നപ്പോള്‍ താന്‍ എംപിയല്ലെന്നും അതിനാല്‍ പ്രത്യേക കോടതിയില്‍ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ എംപിയല്ലെന്ന് പറഞ്ഞാണ് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് തെക്കന്‍ തമിഴ്‍നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് കാര്‍ത്തി ചിദംബരം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂമിയിടപാട് ഇതിന് മുമ്പായിരുന്നു നടന്നതെന്നാണ് കാര്‍ത്തിയുടെ വാദം.ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ബുധനാഴ്ച രാത്രിയാണ് നിരവധി നാടകീയ സംഭവങ്ങൾക്കൊടുവിൽ സിബിഐ സംഘം അറസ്റ്റ് ചെയ്തത്
Post Your Comments